ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേരിട്ടപ്പോള്‍ മുന്‍കാല ഫലങ്ങള്‍ ഇങ്ങനെ; ഇത്തവണ പോരാട്ടം കടുക്കും
ലണ്ടന്‍: ലോകകപ്പില്‍ ഇക്കുറി ഗ്രൂപ്പ് ഘട്ടത്തില്‍ നടക്കാന്‍ പോകുന്ന വമ്പന്‍ മത്സരങ്ങളിലൊന്നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ലോക റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനം അലങ്കരിക്കുന്ന ഇരു ടീമുകളും ലോകകപ്പ് നേടുമെന്ന പ്രവചനങ്ങളില്‍ മുന്‍പിലുള്ള ടീമുകളും കൂടിയാണ്. അതുകൊണ്ടുതന്നെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ഫൈനലിന് മുന്‍പുള്ള ഫൈനലായാണ് വിലയിരുത്തുന്നത്.
ഇപ്പോഴത്തെ ഫോമില്‍ ഈ ടീമുകളില്‍ ആരു ജയിക്കുമെന്ന പ്രവചനം അസ്ഥാനത്താണ്. ഏതു ടീമിനു ജയിക്കാം. സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തിന്റെ ആനുകൂല്യം ഇംഗ്ലണ്ടിനുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും കിടയറ്റ ടീം ലോകകപ്പില്‍ അതിനനുസരിച്ചുള്ള പ്രകടനവും നടത്തുന്നു. ഇന്ത്യയാകട്ടെ ഇതുവരെ ഒരു മത്സരവും തോല്‍ക്കാതെയാണ് നാലു കളികള്‍ പൂര്‍ത്തിയാക്കിയത്. ജൂണ്‍ 30 ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ലോകകപ്പിലെ മുന്‍ പോരാട്ടങ്ങളുടെ ഫലം ഏതുരീതിയിലാണെന്നറിയാം.

ഏഴുതവണ നേര്‍ക്കുനേര്‍
ഇന്നേവരെ ലോകകപ്പുകളില്‍ ഏഴു തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയത്. ഇതില്‍ മൂന്നുതവണ വീതം ഇരു ടീമുകളും ജയം പങ്കിട്ടു. ഒരു മത്സരം സമനിലയിലായി. അതായത്, അടുത്ത കളി ജയിക്കുന്നവര്‍ക്ക് ലോകപ്പിലെ ജയങ്ങളുടെ കാര്യത്തില്‍ മേല്‍ക്കൈ ലഭിക്കും. വരാനിരിക്കുന്ന കളിയിലെ ജയം സെമി സാധ്യതയെ ബാധിക്കില്ലെങ്കിലും രണ്ടു ടീമുകളുടെയും ആത്മവിശ്വാസത്തെ ജയം സ്വാധീനിക്കും

ജയം ഒപ്പത്തിനൊപ്പം
1975ലെ ആദ്യ ലോകകപ്പില്‍ ഇംഗ്ലണ്ടിനായിരുന്നു ജയം. അന്ന് ദുര്‍ബലരായിരുന്ന ഇന്ത്യയെ 202 റണ്‍സിന് ഇംഗ്ലണ്ട് തോല്‍പ്പിച്ചു. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ വര്‍ഷത്തില്‍ ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. സെമി ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ 6 വിക്കറ്റിനാണ് ഇന്ത്യ കീഴ്‌പ്പെടുത്തിയത്. 1987ല്‍ ജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. അന്ന് മുംബൈയില്‍ വെച്ച് 35 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചുകയറി.

ബെംഗളുരുവില്‍ സമനില
പിന്നീട് 1992ല്‍ ഓസ്‌ട്രേലിയയില്‍ വെച്ച് ഇംഗ്ലണ്ട് വീണ്ടും ഇന്ത്യയെ തോല്‍പ്പിച്ചു. 9 റണ്‍സിനായിരുന്നു ജയം. 1999ല്‍ ഇംഗ്ലണ്ടില്‍ വീണ്ടും നടന്ന ലോകകപ്പില്‍ ഇന്ത്യ 63 റണ്‍സിന് ജയിച്ചു. 2003ലും ഇന്ത്യയ്ക്കായിരുന്നു ജയം. ഇന്ത്യ ഫൈനലിലെത്തിയ ടൂര്‍ണമെന്റില്‍ 82 റണ്‍സിന് ജയിച്ചു. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയ വര്‍ഷം ബെംഗളുരുവില്‍ ഇരു ടീമുകളും സമനിലയില്‍ കളിയവസാനിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications