പാകിസ്താനുമായി ഇന്ത്യ ലോകകപ്പ് കളിക്കരുത്, ബഹിഷ്‌കരിച്ചാലും കിരീടം നേടാം!! കലിപ്പടങ്ങാതെ ഭാജി

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ പ്രതിഷേധം വ്യാപിക്കുന്നു. ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ശക്തമായ ഭാഷയിലാണ് പാകിസ്താനെ വിമര്‍ശിച്ചത്. ഇംഗ്ലണ്ടില്‍ മെയ് അവസാനത്തോടെ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യന്‍ ടീം ക്രിക്കറ്റ് കളിക്കരുതെന്ന് ഭാജി ആവശ്യപ്പെട്ടു.
ജൂണ്‍ 16നാണ് ലോകകപ്പില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുന്നത്. ഈ മല്‍സരത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പിന്‍മാറണമെന്നാണ് ഭാജി ആവശ്യപ്പെട്ടിരിക്കുന്നത്.

പിന്‍മാറിയാലും തിരിച്ചടിയില്ല
പാകിസ്താനെതിരേയുള്ള ലോകകപ്പ് മല്‍സരത്തില്‍ നിന്നും പിന്‍മാറിയാലും അത് ഇന്ത്യക്കു തിരിച്ചടിയാവില്ല. മറ്റു മല്‍സരങ്ങളിലെല്ലാം ജയിച്ച് കിരീടം നേടാനുള്ള ശേഷി ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനുണ്ടെന്നും ഒരു ദേശീയ ചാനലിനോടു ഭാജി പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ സമയമാണിത്. പുല്‍വാമയിലെ ആക്രമണം അവിശ്വസനീയവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. ശക്തമായ നടപടി തന്നെ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവണം. ക്രിക്കറ്റിലേക്കു വന്നാല്‍ പാകിസ്താനുമായി ഇനി ഒരു തരത്തിലുള്ള ബന്ധവും വച്ചുപുലര്‍ത്തരുതെന്നും ഭാജി ആവശ്യപ്പെടുന്നു.

ക്രിക്കറ്റ് മാത്രമല്ല, ഒരു കളിയും വേണ്ട
രാജ്യം തന്നെയാണ് പ്രധാനം. നമ്മളെല്ലാം ഒറ്റക്കെട്ടായി രാജ്യത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്നു. ക്രിക്കറ്റോ, ഹോക്കിയോ എന്തുമാവട്ടെ പാകിസ്താനുമായി ഇന്ത്യ ഇനിയൊരിക്കലും കളിക്കാന്‍ പാടില്ല.
കാരണം ഇപ്പോള്‍ നടന്നിരിക്കുന്നത് വളരെ വലിയ സംഭവം തന്നെയാണ്. പാകിസ്താന്‍ നമ്മുടെ സൈനികരെ തുടര്‍ച്ചയായി വധിച്ചു കൊണ്ടിരിക്കുകയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ക്രിക്കറ്റല്ല പ്രധാനം
ക്രിക്കറ്റല്ല, മറിച്ച് രാജ്യം തന്നെയാണ് പ്രധാനമെന്ന് ഭാജി ചൂണ്ടിക്കാട്ടി. അവരുമായി കായിക മല്‍സരങ്ങള്‍ ബഹികരിക്കുക മാത്രമല്ല, ഇനിയൊരു തരത്തിലുള്ള ബന്ധവും വേണ്ടെന്നാണ് അഭിപ്രായം. നമുക്ക് ഒറ്റയ്ക്കു തന്നെ കായിക ലോകത്തിന് ആവശ്യമുള്ളത് നല്‍കാന്‍ സാധിക്കും. നാം ഓരോരുത്തരും സൈനികര്‍ക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുക തന്നെ ചെയ്യും. രാജ്യത്തിനു വേണ്ടി അവരുടെ ത്യാഗങ്ങള്‍ പാഴായിപ്പോവാന്‍ പാടില്ലെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications