ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായമാണ് 2019ലെ ഏകദിന ലോകകപ്പ്. ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ട കോലിയും സംഘവും മിന്നും പ്രകടനം തന്നെ കാഴ്ചവെച്ചെങ്കിലും സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനോട് പിഴച്ചു. എം എസ് ധോണിയുടെ കരിയറിലും വഴിത്തിരവായത് ഈ ലോകകപ്പായിരുന്നു.
രോഹിത് ശര്‍മ നിറഞ്ഞാടിയിട്ടും ഇന്ത്യ കൈവിട്ടു കളഞ്ഞ 2019ലോകകപ്പിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍ പ്രതികരിച്ചിരിക്കുകയാണ്. നാലാം നമ്പറില്‍ മികച്ച താരമില്ലാതെ പോയതാണ് 2019ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പിഴവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'മികച്ച നായകനെന്ന വിശേഷണം ലഭിക്കണമെങ്കില്‍ ഐസിസിയുടെ കിരീടങ്ങള്‍ നേടണം.

ഏഷ്യാ കപ്പ് നേടുന്നത് മനോഹരമായ കാര്യമാണ്. എന്നാല്‍ ലോകകപ്പ് നേടുകയെന്നത് നായകനെന്ന നിലയില്‍ നിങ്ങളെ അടയാളപ്പെടുത്തുന്ന കാര്യമാണ്. വിരാട് കോലി അതിലേക്ക് എത്തേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ ആദ്യ മൂന്ന് താരങ്ങളെ നോക്കുക. മികച്ച താരങ്ങളാണ്. എന്നാല്‍ നാലും അഞ്ചും നോക്കുക. ലോകകപ്പിലെ ആദ്യ പല മത്സരങ്ങളിലും മധ്യനിരയ്ക്ക് കാര്യമായ ജോലിയുണ്ടായിരുന്നില്ല. എന്നാല്‍ ഒരു മത്സരത്തില്‍ മുന്‍നിരയിലെ മൂന്ന് പേര്‍ പെട്ടെന്ന് മടങ്ങി. അതോടെ താളം തെറ്റി. ദൗര്‍ഭാഗ്യവശാല്‍ നോക്കൗട്ട് മത്സരത്തിലാണ് ഇന്ത്യക്കത് സംഭവിച്ചത്'- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
മത്സരത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ കെല്‍പ്പുള്ള ഒരു മധ്യനിര ആവിശ്യമാണ്. 4,5,6 സ്ഥാനങ്ങളിലേക്ക് സ്ഥിരമായൊരു ബാറ്റ്‌സ്മാനെ കണ്ടെത്തണം. ടോപ് ഓഡറിലും മധ്യനിരയിലും പരീക്ഷണം നടത്താനല്ലാതെ മധ്യനിരയില്‍ സ്ഥിരപ്പെടുത്താന്‍ കഴിയുന്നവരെ കണ്ടെത്തണം. 2019ലെ ലോകകപ്പില്‍ ഇന്ത്യക്ക് പറ്റിയ പിഴവ് നാലാം നമ്പറില്‍ മികച്ചൊരു ബാറ്റ്‌സ്മാന്‍ ഉണ്ടായില്ല എന്നതാണ്. അത്തരമൊരു താരം ഉണ്ടായിരുന്നെങ്കില്‍ 2019ലെ ലോകകപ്പിന്റെ കഥ മറ്റൊന്നാവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ എല്‍ രാഹുലിനെ നാലാം നമ്പറിലാണ് ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ ഇന്ത്യ കളിപ്പിച്ചത്. എന്നാല്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായതോടെ ഓപ്പണിങ്ങിലേക്ക് രാഹുലെത്തി. ഇതോടെ നാലാം നമ്പറില്‍ പകരക്കാരനെ കണ്ടെത്താന്‍ സാധിക്കാതെ പോയി. നാലാം നമ്പറില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള അമ്പാട്ടി റായിഡുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. നിലവില്‍ ശ്രേയസ് അയ്യരാണ് നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തന്‍.