നോര്‍ത്ത് സൗണ്ട്: വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരായ ഒന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീമിന് ലീഡ്. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസിനെ 228 റണ്‍സിന് കൂടാരം കയറ്റിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 299 റണ്‍സെന്ന നിലയിലാണ്. രണ്ട് വിക്കറ്റുകള്‍ ശേഷിക്കെ 71 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്.മധ്യനിരയില്‍ ശിവം ദുബെയും (71) വൃധിമാന്‍ സാഹയും (61) നേടിയ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസിനെ ഷഹബാദ് നദീമാണ് ചെറിയ സ്‌കോറില്‍ ഒതുക്കിയത്.അഞ്ച് വിക്കറ്റുമായി നദീം തിളങ്ങിയതോടെ തട്ടകത്തില്‍ കരീബിയന്‍ നിരക്ക് കാലിടറി.മുഹമ്മദ് സിറാജ്,മായങ്ക് മാര്‍ക്കണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ദുബെ ഒരു വിക്കറ്റും നേടി.കോംവെല്ലാണ് (59) ആതിഥേയ നിരയിലെ ടോപ് സ്‌കോറര്‍.ബ്ലാക്ക്‌വുഡും (53) അര്‍ധ സെഞ്ച്വറി സ്വന്തമാക്കി.റോഷ്ടണ്‍ ചേസ് (25),വാറിക്കാന്‍ (21) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

മറുപടിക്കിറങ്ങിയ ഇന്ത്യക്ക് പാഞ്ചലും (49) ഈശ്വരനും (29) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു.ശുഭ്മാന്‍ ഗില്‍ (40),ക്യാപ്റ്റന്‍ ഹനുമ വിഹാരി (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.ഭരത് അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി.ആറാം വിക്കറ്റിലൊത്തുകൂടിയ സാഹ-ദുബെ സഖ്യമാണ് ഇന്ത്യയെ ലീഡിലേക്ക് നയിച്ചത്.ഇരുവരും 124 റണ്‍സിന്റെ കൂട്ടുകെട്ടാണ് ടീമിന് നല്‍കിയത്. ദുബെയ്ക്ക് പിന്നാലെ കൃഷ്ണപ്പ ഗൗതം (6),ഷഹബാസ് നദീം (0) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി കുമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാറിക്കാന്‍ കോംവെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.