ലണ്ടന്‍: ഇംഗ്ലണ്ട് തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ജയിച്ചതോടെ പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്നും ഏറെക്കുറെ പുറത്തായ അവസ്ഥയിലാണ്. സെമിയിലെത്താന്‍ നേരിയ സാധ്യതമാത്രമേ അവര്‍ക്ക് അവശേഷിച്ചിട്ടുള്ളൂ. ന്യൂസിലന്‍ഡിന്റെ റണ്‍ശരാശരിയെ മറികടക്കാന്‍ ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന അവസാന ലീഗ് മത്സരത്തില്‍ 311 റണ്‍സിന്റെ ജയമെങ്കിലും പാക്കിസ്ഥാന് നേടണം.
ബംഗ്ലാദേശിനെതിരെ ടോസ് നഷ്ടമായി ബൗളിങ്ങാണ് കിട്ടുന്നതെങ്കില്‍ ആദ്യ പന്തെറിയുന്നതിന് മുന്‍പ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്താകും. ഇത്തരമൊരു അവസ്ഥയില്‍ നില്‍ക്കുമ്പോഴും സെമി ഫൈനലിലെ ജയത്തെക്കുറിച്ചാണ് പാക് താരങ്ങള്‍ സംസാരിക്കുന്നത്. പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉല്‍ ഹഖ് ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനലില്‍ പാക്കിസ്ഥാന്‍ ജയിക്കുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു.

സെമി ഫൈനലില്‍ എത്തുന്നതിനെക്കുറിച്ചല്ല തങ്ങള്‍ ചിന്തിക്കുന്നതെന്ന് ഇമാം ഉല്‍ ഹഖ് പറഞ്ഞു. സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഓള്‍റൗണ്ട് മികവില്‍ തങ്ങള്‍ക്കതിന് കഴിയുമെന്നും ഇമാം ഉല്‍ പറഞ്ഞു. ലീഗ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ തോല്‍വി താരത്തെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. ഇതേക്കുറിച്ചും ഇമാം ഉല്‍ പ്രതികരിച്ചു.
ഓസ്‌ട്രേലിയയുടെ 307 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 41 റണ്‍സിനാണ് തോറ്റത്. ഈ മത്സരത്തില്‍ ഇമാം ഉല്‍ 53 റണ്‍സെടുത്തിരുന്നു. കളി പാക്കിസ്ഥാനുവേണ്ടി ജയിപ്പിക്കാന്‍ തനിക്ക് കഴിയുമായിരുന്നെന്ന് താരം പറഞ്ഞു. നന്നായി കളിച്ചുവന്നതാണ്. നാല് വിക്കറ്റുകള്‍ പൊടുന്നനെ വീണത് തിരിച്ചടിയായി. തനിക്ക് അന്ന് ജയിപ്പിക്കാന്‍ കഴിയാത്തത് വലിയ വേദനയുളവാക്കുന്നതാണെന്നും ഇമാം വ്യക്തമാക്കി.