ദുബൈ: ഈ വര്‍ഷത്തെ അവസാനത്തെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 928 പോയിന്റ് നേടിയാണ് കോലി ഒന്നാംസ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന് 911 പോയിന്റാണുള്ളത്. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 864 പോയിന്റോടെ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 791 പോയിന്റുമായി ഇന്ത്യയുടെ ചേതേശ്വര്‍ പുജാര നാലാം സ്ഥാനത്തുണ്ട്. ഓസീസിനുവേണ്ടി സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന ലാബുഷാനെയാണ് അഞ്ചാം സ്ഥാനത്ത്. അതേ സമയം ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഒരു സ്ഥാനം താഴോട്ടിറങ്ങി. ആറാം സ്ഥാനത്തായിരുന്ന രഹാനെയുടെ സ്ഥാനത്തേക്ക് പാകിസ്താന്റെ ബാബര്‍ അസാമെത്തി. ശ്രീലങ്കയ്‌ക്കെതിരായ മികച്ച പ്രകടനത്തോടെ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ബാബര്‍ ആറാമതെത്തിയത്. ഡേവിഡ് വാര്‍ണര്‍, ജോ റൂട്ട്, റോസ് ടെയ്‌ലര്‍ എന്നിവരാണ് യഥാക്രമം എട്ട് മുതല്‍ 10വരെ സ്ഥാനങ്ങളില്‍.
ബൗളര്‍മാരില്‍ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ, ന്യൂസീലന്‍ഡിന്റെ നെയ്്ല്‍ വാഗ്നര്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍, ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്്റ്റാര്‍ക്ക് എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് ബൗളര്‍മാര്‍. ഇന്ത്യയുടെ ജസ്പ്രീത് ബൂംറ ആറാം സ്ഥാനത്താണ്.

ഓള്‍റൗണ്ടര്‍മാരില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ്, ദക്ഷിണാഫ്രിക്കയുടെ വെര്‍ണോന്‍ ഫിലാണ്ടര്‍, ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റ് താരങ്ങള്‍.