ബിസിസിഐയുടെ വരുമാനം വെട്ടിക്കുറയ്ക്കാന്‍ ഐസിസി, കാരണമിതാണ്
മുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ഭീഷണിയില്‍ നിയമോപദേശം തേടാന്‍ ബിസിസിഐ. ഇന്ത്യയില്‍ നടക്കുന്ന രാജ്യാന്തര ടൂര്‍ണമെന്റുകള്‍ക്ക് ഈടാക്കുന്ന നികുതി പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ക്രിക്കറ്റ് കൗണ്‍സിലിന്റെ ആവശ്യം. ഒപ്പം 2016 ട്വന്റി-20 ലോകകപ്പ് മത്സരങ്ങള്‍ക്ക് ഒടുക്കേണ്ടി വന്ന അധിക നികുതി തിരിച്ചുവേണമെന്നും ഐസിസി അറിയിച്ചിരുന്നു.

വാര്‍ഷിക വിഹിതം ചുരുക്കും
വിഷയത്തില്‍ അനുകൂലമായ മറുപടി ഐസിസിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഈ അവസരത്തില്‍ ബിസിസിഐയുടെ വാര്‍ഷിക വിഹിതം വെട്ടിച്ചുരുക്കി നികുതി തുക തിരിച്ചുപിടിക്കാനാണ് ക്രിക്കറ്റ് കൗണ്‍സിലിന്റെ ആലോചന. ഇതേസമയം, 2016 ലോകകപ്പിന് മുന്‍പുവരെയുള്ള ടൂര്‍ണമെന്റുകള്‍ക്ക് പരമാവധി നികുതിയിളവ് തങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ബോര്‍ഡ് പറയുന്നു.

2016 ട്വന്റി-20 ലോകകപ്പ്
2016 ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി നികുതി വ്യവസ്ഥയില്‍ അല്‍പ്പം മാറ്റമുണ്ടായി. ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് ചാനല്‍ - സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നിന്നും ഐസിസിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ പത്തു ശതമാനം നികുതിയിനത്തില്‍ അടയ്ക്കണമെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. ഇപ്പോള്‍ ഇതേ തുക ബിസിസിഐയുടെ വാര്‍ഷിക വിഹിതത്തില്‍ നിന്നും പിടിക്കാനാണ് ക്രിക്കറ്റ് കൗണ്‍സിലിന്റെ നീക്കം.

നിയമോപദേശം
എന്തായാലും വിഷയത്തില്‍ ബ്രിട്ടണില്‍ നിന്നും നിയമോപദേശം തേടാന്‍ ഭരണസമിതി ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് നിയമം പ്രകാരം 2016 ലോകകപ്പ് നടത്താന്‍ ഐസിസിയും ബിസിസിഐയും ധാരണ ഒപ്പിട്ടതുകൊണ്ടാണിത്.

എത്ര പിടിക്കും?
നിലവില്‍ 405 ദശലക്ഷം ഡോളറാണ് ഓരോ വര്‍ഷവും വരുമാനത്തിന്റെ ഒരു വിഹിതമായി ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുന്നത്. തീരുമാനത്തിലുറച്ച് ഐസിസി മുന്നോട്ടു നീങ്ങുകയാണെങ്കില്‍ ബിസിസിഐയുടെ പങ്കില്‍ ഇത്തവണ 40.5 ദശലക്ഷം ഡോളര്‍ (പത്തു ശതമാനം) കുറയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications