കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ മികച്ച ബൗളിങ് റെക്കോഡുള്ള താരമാണ് പാകിസ്താന്‍ പേസര്‍ ജുനൈദ് ഖാന്‍. ഇപ്പോള്‍ ടീമില്‍ സജീവമല്ലെങ്കിലും ഒരു സമയത്ത് പാക് ടീമിലെ നിര്‍ണ്ണായക താരമായിരുന്നു ജുനൈദ്. ഇപ്പോഴിതാ ഒരു പരമ്പരയില്‍ വിരാട് കോലിയെ മൂന്ന് തവണ പുറത്താക്കിയതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജുനൈദ് ഖാന്‍. 2012ലെ ഏകദിന പരമ്പരയെക്കുറിച്ചാണ് ജുനൈദ് പ്രതികരിച്ചത്. 24 പന്തുകള്‍ കോലിക്കെതിരേ എറിഞ്ഞ ജുനൈദ് മൂന്ന് റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് തവണ കോലിയെ പുറത്താക്കിയത്.
ചെന്നൈയില്‍ പൂജ്യത്തിനും കൊല്‍ക്കത്തയില്‍ ആറ് റണ്‍സെടുത്തും ഡല്‍ഹിയില്‍ ഏഴ് റണ്‍സുമാണ് കോലി നേടിയത്. മൂന്ന് മത്സര പരമ്പര 2-1ന് പാകിസ്താന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. 'ആദ്യ പന്ത് വൈഡാണെറിഞ്ഞത്. രണ്ടാം പന്തില്‍ കോലിയെ പുറത്താക്കി. കോലിയൊരു സാധാരണ ബാറ്റ്‌സ്മാനാണെന്ന് ഞാന്‍ ചിന്തിച്ചു. ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യന്‍ മൈതാനങ്ങളില്‍ വേഗം കിട്ടില്ലെന്ന് കോലിയെന്നോട് തമാശ രൂപത്തില്‍ പറഞ്ഞിരുന്നു. നമുക്ക് കാണാമെന്ന് ഞാന്‍ മറുപടി പറയുകയും ചെയ്തു'-ഒരു യുട്യൂബ് ചാനലിലെ പരിപാടിക്കിടെയാണ് ജുനൈദിന്റെ അഭിപ്രായ പ്രകടനം.

2012ലെ ഇന്ത്യന്‍ പര്യടനത്തില്‍ പാകിസ്താന് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായ പങ്കാണ് ജുനൈദ് വഹിച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റ് അദ്ദേഹം വീഴ്ത്തി. 43 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇന്ത്യന്‍ പരമ്പരയ്ക്ക് മുമ്പ് ആഭ്യന്തര മത്സരം കളിച്ചിരുന്നു. ഒരു മത്സരത്തില്‍ 35-40 ഓവറുകള്‍ പന്തെറിയേണ്ടി വന്നു. ടീമില്‍ നിലനില്‍ക്കാന്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ തിളങ്ങേണ്ടത് അത്യാവശ്യമായിരുന്നു. അതായിരുന്നു എന്റെ മുന്നിലുണ്ടായിരുന്ന ഏക അവസരമെന്നും ജുനൈദ് പറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണെന്നും ജുനൈദ് ഖാന്‍ പറഞ്ഞു.
ബാബര്‍ അസാം, ജോ റൂട്ട്, രോഹിത് ശര്‍മ,കെയ്ന്‍ വില്യംസണ്‍,സ്റ്റീവ് സ്മിത്ത്, ക്വിന്റന്‍ ഡീകോക്ക് ഇവരെല്ലാം മികച്ച ബാറ്റ്‌സ്മാന്‍മാരാണ്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലേയും ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോലിയാണ്. മൂന്ന് ഫോര്‍മാറ്റിലും അത്രയ്ക്ക് മനോഹരമായാണ് കോലി കളിക്കുന്നതെന്നും ജുനൈദ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏകതാരമാണ് കോലി. 30കാരനായ ജുനൈദ് 22 ടെസ്റ്റില്‍ നിന്ന് 71 വിക്കറ്റും 76 ഏകദിനത്തില്‍ നിന്ന് 110 വിക്കറ്റും 9 ടി20യില്‍ നിന്ന് 8 വിക്കറ്റും ഇന്ത്യക്കായി നേടിയിട്ടുണ്ട്.