ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായിരുന്നു രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. എന്നാല്‍ ഖേല്‍രത്‌ന പുരസ്‌കാരത്തില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേരുമാറ്റി ഇന്ത്യന്‍ ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലാക്കി വിവരം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന ആവിശ്യം പരിഗണിച്ചാണ് ഇത്തരമൊരു മാറ്റമെന്നാണ് അദ്ദേഹം അറിയിച്ചത്.
തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ ഇതിനോടകം ഉയര്‍ന്ന് വരുന്നുണ്ട്. ഇപ്പോഴിതാ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. രാജ്യത്തെ സ്റ്റേഡിയങ്ങളുടെ പേരും രാഷ്ട്രീയക്കാരില്‍ നിന്ന് മാറ്റി കായിക താരങ്ങളുടെ പേരിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പ്രതികരിച്ചത്.

'ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേരുമാറ്റ തീരുമാനത്തെ തീര്‍ച്ചയായും സ്വാഗതം ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തിയിലൂടെ കായിക താരങ്ങള്‍ക്ക് വലിയ ആദരവാണ് ലഭിക്കുന്നത്. ഭാവിയിലും കായിക താരങ്ങള്‍ക്ക് ഇത്തരത്തില്‍ കൂടുതല്‍ പരിഗണ ലഭിക്കുമെന്ന് കരുതുന്നു. ഭാവിയില്‍ സ്റ്റേഡിയങ്ങളുടെ പേരും കായിക താരങ്ങളുടെ പേരിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്'-ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഡി വൈ പാട്ടീല്‍ സ്റ്റേഡിയം,എംഎ ചിദംബരം സ്റ്റേഡിയം,അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം,നരേന്ദ്ര മോദി സ്റ്റേഡിയം ഇങ്ങനെ നിരവധി സ്റ്റേഡിയങ്ങളാണ് രാഷ്ട്രീയക്കാരുടെ പേരിലുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് സ്റ്റേഡിയം പുതിക്കിയ നിര്‍മ്മിച്ചതിന് ശേഷമാണ് നരേന്ദ്ര മോദി സ്‌റ്റേഡിയമെന്ന് പേര് മാറ്റിയത്.
ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേരുമാറ്റിയതിനെ പിന്തുണച്ച് ഇര്‍ഫാന്‍ പഠാനെ കൂടാതെ മറ്റ് പല ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറുമെല്ലാം പേരു മാറ്റത്തെ ട്വിറ്ററിലൂടെ അഭിനന്ദിച്ചിട്ടുണ്ട്. ഇത്തവണത്തെ ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ത്തന്നെ പുതിയ പേരിലാവും ഇനി പുരസ്‌കാരം വിതരണം ചെയ്യുക. 25 ലക്ഷം രൂപയുള്‍പ്പെടെയാണ് ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം വിതരണം ചെയ്യുക.
1991-92ലാണ് ഖേല്‍രത്‌ന പുരസ്‌കാരം ആദ്യമായി വിതരണം ചെയ്യുന്നത്. ഇന്ത്യയുടെ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദാണ് പ്രഥമ ഖേല്‍രത്‌ന പുരസ്‌കാര ജേതാവ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,എംഎസ് ധോണി,വിരാട് കോലി,രോഹിത് ശര്‍മ എന്നിവര്‍ക്കാണ് പുരുഷ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചത്.