മുംബൈ: ഒരു കാലത്ത് മികച്ച പേസ് ബൗളറുടെ അഭാവം നിഴലിച്ച് നിന്നിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇന്ന് ഏത് മൈതാനത്തും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള മികച്ച പേസര്‍മാരുണ്ട്. ബൗണ്‍സും പേസും നിറഞ്ഞ വിദേശ മൈതാനങ്ങളില്‍ എതിരാളികള്‍ക്കൊത്ത മറുപടികൊടുക്കുന്ന ഇന്ത്യയുടെ പേസ് നിര എതിര്‍ ബാറ്റിങ് നിരയുടെ പേടിസ്വപ്‌നമാണ്. ഇന്ത്യയുടെ പേസ് നിരയുടെ ഇത്തരത്തിലുള്ള വളര്‍ച്ചയ്ക്ക് നായകന്‍ വിരാട് കോലി നിര്‍ണ്ണായക പങ്കുവഹിച്ചെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കമന്റേറ്ററും ക്രിക്കറ്റ് നിരൂപകനുമായ ഹര്‍ഷ ഭോഗ്‌ലെ.
ക്രിക് കാസ്‌റ്റെന്ന യുട്യൂബ് ചാനലിലൂടെയാണ് ഭോഗ്‌ലെ തന്റെ അഭിപ്രായം പങ്കുവെച്ചത്. 'ഇന്ത്യക്ക് ഇത്രയും മികച്ച പേസ് ബൗളിങ് നിരയെ ലഭിക്കുമെന്ന് കരുതിയിരുന്നില്ല. പാകിസ്താനില്‍ മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ വളരുന്നുണ്ട്. ഇന്ത്യയില്‍ കപില്‍ ദേവിന് ശേഷം ജവഗന്‍ ശ്രീനാഥ്,സഹീര്‍ ഖാന്‍ എന്നിവരെത്തി. എന്നാല്‍ പിന്നീട് വിരാട് കോലി ആരാധകരുടെ പ്രിയ താരമായി മാറി. അദ്ദേഹം ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്ന രീതിയാണ് കോലിയെ മികച്ചവനാക്കിയത്.

ധോണി സ്പിന്‍ ബൗളിനെ നേരിടുന്നതില്‍ മികച്ചവനാണ്. വിരാട് കോലിയെത്തിയ ശേഷമാണ് ഭുവനേശ്വര്‍ കുമാര്‍,ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി എന്നിവര്‍ ശക്തമായി തിരിച്ചെത്തിയത്'-ഭോഗ്‌ലെ പറഞ്ഞു. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ അശ്വിന്‍ മികച്ച ടെസ്റ്റ് മത്സരങ്ങളിലും ഏഴോ എട്ടോ വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ കോലിയുടെ കാലത്ത് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു.
സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, ശ്രീശാന്ത്, ആര്‍പി സിങ് തുടങ്ങിയ മികച്ച പേസ് ബൗളര്‍മാരും ഇന്ത്യക്കുണ്ടായിരുന്നു. കാലം മാറിയപ്പോഴും പകരം മികച്ച പേസര്‍മാരെത്തി. 2018ല്‍ ഇന്ത്യ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ വേഗം മികച്ചതായിരുന്നു. പലപ്പോഴും ഇംഗ്ലണ്ട് പേസര്‍മാരേക്കാളും വേഗത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞു. അത് സ്വപ്‌നത്തില്‍പോലും പ്രതീക്ഷിക്കാത്തതായിരുന്നുവെന്നും ഭോഗ് ലെ പറഞ്ഞു.
ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ പേസ് ബൗളര്‍മാരുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു. ഇഷാന്ത് ശര്‍മ,ബൂംറ,മുഹമ്മദ് ഷമി,ഉമേഷ് യാദവ് കൂട്ടുകെട്ടാണ് പലപ്പോഴും പേസ് കരുത്തേകുന്നത്. നാലാം പേസറായി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും കരുത്തുകാട്ടുന്നുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നുണ്ട്. ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ പ്രകടനമാവും ഓസീസ് മണ്ണിലെ ഇന്ത്യയുടെ വിധി തീരുമാനിക്കുക.