ഡല്‍ഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരം ഡല്‍ഹിയില്‍ നടത്തുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. ഡല്‍ഹിയിലെ കടുത്ത അന്തരീക്ഷ മലിനീകരണമാണ് മത്സരം നടത്തുന്നതിന് വിലങ്ങുതടിയകുന്നത്. അന്തരീക്ഷ മലിനീകരണമുണ്ടെങ്കിലും മത്സരം നടത്തുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിട്ടുണ്ട്.
ക്രിക്കറ്റോ മറ്റേതെങ്കിലും കായിക മത്സരങ്ങളോ ഡല്‍ഹിയില്‍ ഇത്തരമൊരു അവസ്ഥയില്‍ നടത്തരുതെന്ന് ഗംഭീര്‍ വ്യക്തമാക്കി. അന്തരീക്ഷം സാധാരണ നിലയില്‍ ആകുന്നതുവരെ ഒരു ഒരു മത്സരവും നടത്തരുതെന്നാണ് തന്റെ അഭിപ്രായം. ജനങ്ങളെക്കാള്‍ വലുതല്ല മത്സരങ്ങള്‍. ഡല്‍ഹിയെ അലോസരപ്പെടുത്തുന്ന പ്രധാന വിഷയം അന്തരീക്ഷ മലിനീകരണമാണെന്നും ഗംഭീര്‍ പറഞ്ഞു.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കണമെന്നും രാവിലേയും വൈകിട്ടുമുള്ള നടത്തം ഒഴിവാക്കണമെന്നുമാണ് പ്രധാന നിര്‍ദ്ദേശം. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം നിലവില്‍ മോശം അവസ്ഥയിലാണ്. ദീപാവലിക്ക് ശേഷം എല്ലാവര്‍ഷവും ഈ രീതിയില്‍ മലിനീകരണം പതിവാണെങ്കിലും അധികൃതര്‍ക്ക് നിയന്ത്രണവിധേയമാക്കാന്‍ കഴിയുന്നില്ല. ഡല്‍ഹിയില്‍ നവംബര്‍ മൂന്നിനാണ് ഇന്ത്യ ബംഗ്ലാദേശ് മത്സരം. മത്സരത്തിനെത്തിയ ബംഗ്ലാദേശ് ടീം അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് മാസ്‌ക് ധരിച്ചാണ് പരിശീലനത്തിനിറങ്ങിയത്.