ഗാരി കിര്‍സ്റ്റെന്‍ വീണ്ടും സൗത്ത് ആഫ്രിക്കന്‍ ടീമിലേക്ക്; വമ്പന്‍ അഴിച്ചുപണി
സെഞ്ചൂറിയന്‍: സമീപകാലത്ത് മോശം പ്രകടനം നടത്തുന്ന സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്താന്‍ വമ്പന്‍ അഴിച്ചുപണിക്കൊരുങ്ങുന്നു. ഗ്രേയം സ്മിത്തിനെ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ഡയറക്ടറാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ മുന്‍ താരം ഗാരി കിര്‍സ്റ്റെനെ ടീമിന്റെ പരിശീലക സംഘത്തിലേക്കും എത്തിക്കുകയാണ്. ടീമിന്റെ വഴികാട്ടിയായിട്ടാകും കിര്‍സ്റ്റെന്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
സൗത്ത് ആഫ്രിക്കന്‍ ടീമിന്റെ താത്കാലിക ഡയറക്ടറായ എനോച്ച് ക്വേയെ കിര്‍സ്‌റ്റെന്‍ സഹായിക്കും. ഇന്ത്യന്‍ പരമ്പരയില്‍ 3-0 എന്ന നിലയില്‍ തോല്‍വി ഏറ്റുവാങ്ങിയ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ഒട്ടിസ് ഗിബ്‌സണിന് പകരമായെത്തിയ എനോച്ചിനും ടീമിനെ വിജയത്തിലേക്ക് നയിക്കാനായിട്ടില്ല. നേരത്തെ ജൊഹന്നസ്ബര്‍ഗ് ലയണ്‍സിനുവേണ്ടി ക്വേ മികവുകാട്ടിയിരുന്നു.

ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കിര്‍സ്റ്റെന്‍ ഡയറക്ടറെ സഹായിക്കും. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ കിര്‍സ്‌റ്റെന്‍ ആയിരുന്നു പരിശീലകന്‍. പിന്നീട് ഐപിഎല്ലിലും പരിശീലകനായെത്തിയെങ്കിലും തിളങ്ങാനായില്ല. കിര്‍സ്റ്റെന് പുറമെ ഗ്രേയം സ്മിത്ത്, ജാക്വിസ് കാലിസ്, മാര്‍ച്ച് ബൗച്ചര്‍ തുടങ്ങിയവര്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിനെ സഹായിക്കാന്‍ സന്നദ്ധരായിട്ടുണ്ട്. സ്മിത്ത് ഡയറക്ടറായി സ്ഥാനമേല്‍ക്കുന്നതോടെ ടീമിന് പുത്തനുണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications