ഇസ്ലാമാബാദ്: ദുരിതപൂര്‍ണമായ ജീവിതത്തില്‍നിന്നും കരകയറ്റണമെന്ന് അഭ്യര്‍ഥിച്ച് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടാണ് കനേരിയ സഹായം അഭ്യര്‍ഥിച്ചത്. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റേയും ക്രിക്കറ്റ് സംഘടനയുടേയും സഹായം തനിക്ക് ആവശ്യമാണെന്നും ജീവിതം സുഖകരമല്ലെന്നും മുന്‍ സ്പിന്നര്‍ ഇമ്രാന്‍ ഖാനോട് പറഞ്ഞു.
സഹായിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ പലരേയും സമീപിച്ചിരുന്നു. പാക്കിസ്ഥാനിലും പുറത്തുമുള്ള വ്യക്തികളോട് തന്റെ പ്രശ്‌നം പരിഹരിക്കാന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, ആരുടേയും സഹായം ലഭിച്ചില്ല. തന്റെ ക്രിക്കറ്റ് കരിയറില്‍ എല്ലാം താന്‍ പാക്കിസ്ഥാനാണ് നല്‍കിയത്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. പാക്കിസ്ഥാനിലെ ജനങ്ങള്‍ തന്നെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇമ്രാന്‍ ഖാനില്‍നിന്നും ക്രിക്കറ്റ് സംഘടനയില്‍ നിന്നും സഹായം ആവശ്യമാണെന്നും കനേരിയ വ്യക്തമാക്കി.

ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കുന്നതിനിടെ ഒത്തുകളിച്ചതിനെ തുടര്‍ന്ന് കനേരിയയെ അഞ്ചുവര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇതാണ് താരത്തിന്റെ ജീവിതം കഠിനമാക്കിയത്. കനേരിയയ്ക്ക് പാക്കിസ്ഥാന്‍ ടീമില്‍ നിന്നും മതപരമായ ഭിന്നതയുണ്ടായിരുന്നെന്ന് കഴിഞ്ഞദിവസം ഷൊയബ് അക്തര്‍ വെളിപ്പെടുത്തിയിരുന്നു. സംഭവം സത്യമായിരുന്നെന്നും തന്നെ മാറ്റിനിര്‍ത്തിയ കളിക്കാരുടെ പേര് വെളിപ്പെടുത്തുമെന്നും കനേരിയ പ്രതികരിക്കുകയും ചെയ്തു.