പാക് ദുരന്തത്തിനുകാരണം ഇന്‍സി? എന്തിന് ഇംഗ്ലണ്ടില്‍ ചുറ്റിക്കളിക്കുന്നു!! തുറന്നടിച്ച് മുന്‍ നായകന്‍
ലണ്ടന്‍: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദയനീയ പ്രകടനമാണ് മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ചു റൗണ്ടുകള്‍ കളിച്ചപ്പോള്‍ പാക് ടീമിന് ജയിക്കാനായത് ഒരേയൊരു മല്‍സരം മാത്രമാണ്. ആതിഥേയരായ ഇംഗ്ലണ്ടിനെതിരായ അപ്രതീക്ഷിത ജയം മാറ്റിനിര്‍ത്തിയാല്‍ ചിരവൈരികളായ ഇന്ത്യ, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരോട് അവര്‍ പരാജയപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരായ മല്‍സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്യുകയായിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്താണ് പാക് ടീം.
വലിയ വിമര്‍ശനങ്ങളാണ് ഇന്ത്യക്കെതിരായ കഴിഞ്ഞ മല്‍സരത്തിലേറ്റ തോല്‍വിക്കു ശേഷം പാക് ടീം ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ പാകിസ്താന്റെ മുന്‍ നായകന്‍ ഇന്‍തിക്വാബ് ആലവും വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ്. ടീമിന്റെ മുഖ്യ സെലക്ടറും മുന്‍ നായകനുമായ ഇന്‍സമാമുള്‍ ഹഖ് ലോകകപ്പിനിടെ ഇംഗ്ലണ്ടില്‍ തന്നെ തുടരുന്നതിനെ ചോദ്യം ചെയ്തിരിക്കുകയാണ് അദ്ദേഹം.

ഇന്‍സിക്കെന്ത് കാര്യം?
സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നീട് ക്യാപ്റ്റന്റെയും കോച്ചിന്റെയും റോളാണ്. അവരാണ് പ്ലെയിങ് ഇലവനെയും ഓരോ കളിയിലെയും തന്ത്രങ്ങളും തീരുമാനിക്കുന്നത്. അപ്പോള്‍ എന്തിനാണ് മുഖ്യ സെലക്ടറായ ഇന്‍സി ഇംഗ്ലണ്ടില്‍ തന്നെ തങ്ങുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് ആലം തുറന്നടിച്ചു.
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്‍സിയെ ഇംഗ്ലണ്ടില്‍ തന്നെ തുടരാനും ടീമിന്റെ കാര്യങ്ങളില്‍ ഇടപെടാനുമെല്ലാം അനുവദിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഉത്തരവാദികള്‍ ടീം മാനേജ്‌മെന്റ്
ലോകകപ്പില്‍ പാക് ടീമിന്റെ മോശം പ്രകടനത്തിന് കാരണക്കാര്‍ ടീം മാനേജ്‌മെന്റ് തന്നെയാണെന്ന് ആലം ആരോപിച്ചു. ലോകകപ്പിനു വേണ്ടി കൃത്യമായ ഒരു പദ്ധതി തയ്യാറാക്കുന്നതില്‍ ടീം മാനേജ്‌മെന്റ് പരാജയപ്പെട്ടു. ടൂര്‍ണമെന്റില്‍ ഓരോ ടീമിനുമെതിരേ നടപ്പാക്കാന്‍ പ്രത്യേകം തന്ത്രങ്ങള്‍ തന്നെ ടീം മാനേജ്‌മെന്റ് തയ്യാറാക്കണമായിരുന്നു. മാത്രമല്ല, ഓരോ കളിയുടെയും പിച്ചിനെക്കുറിച്ചും പഠിക്കേണ്ടിയിരുന്നു. ഇംഗ്ലണ്ടിലെ കാലാവസ്ഥയെക്കുറിച്ചും അവര്‍ക്കു കൃത്യമായ ധാരണയില്ലെന്നാണ് മനസ്സിലാവുന്നത്.
ഇവയെല്ലാം നോക്കുമ്പോള്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും വലിയ വീഴ്ച തന്നെയാണ് ഉണ്ടായതെന്നു ബോധ്യമാവും. ഒരു ഗെയിം പ്ലാനുമില്ലാതെയാണ് പാക് ടീം ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നതെന്നും ആലം വിശദമാക്കി.

അന്വേഷണം നടത്തണം
ഇന്ത്യക്കെതിരായ നിര്‍ണായക മല്‍സരത്തിനു തലേ ദിവസം രാത്രി കറങ്ങിയടിക്കാന്‍ പോയ പാകിസ്താന്‍ ടീമിലെ താരങ്ങളെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തണമെന്നും ആലം ആവശ്യപ്പെട്ടു. പാക് ടീമിലെ പല കളിക്കാരും അനുവദിക്കപ്പെട്ട സമയത്തിനു ശേഷവും ഹോട്ടലുകളില്‍ സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യങ്ങങളിലൂടെ പുറത്തു വന്നിരുന്നു. ഷുഐബ് മാലിക്ക്, ഇമാമുള്‍ ഹഖ്, വഹാബ് റിയാസ് എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ മാലിക്ക് ഇത് നിരസിച്ചു രംഗത്തുവന്നിരുന്നു. ജൂണ്‍ 13നു രാത്രിയിലെ പഴയ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications