സിഡ്‌നി: മുന്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ല്‍സിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. ഹൃദയ ദമനികളിലുണ്ടായ ബ്ലോക്കിനെ തുടര്‍ന്ന് ചികിത്സയിലാരുന്ന കെയ്ല്‍സിന് പെട്ടെന്ന് രോഗം മൂര്‍ച്ഛിക്കുകയും മരുന്നുകളോട് ശരീരം പ്രതികരിക്കാതെ വരികയും ചെയ്തിരുന്നു. എന്നാല്‍ അടിയന്തര ശസ്ത്രക്രിയകള്‍ക്ക് ശേഷം ആദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അദ്ദേഹം നിലവില്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കുടുംബാംഗങ്ങളോട് സംസാരിക്കാന്‍ തുടങ്ങിയെന്നും ഇത്തരമൊരു അവസ്ഥയില്‍ എല്ലാ വിധ പിന്തുണ അദ്ദേഹത്തിനും കുടുംബത്തിനും നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹത്തിന്റെ കുടുംബ വൃത്തങ്ങള്‍ പറഞ്ഞു. പൂര്‍ണ്ണമായും പഴയ അവസ്ഥയിലേക്കെത്താന്‍ സമയമെടുക്കുന്നതിനാല്‍ നിലവില്‍ വിശ്രമവും ചികിത്സയും സിഡ്‌നിയിലെ ആശുപത്രിയില്‍ തുടരുകയാണ്.

51കാരനായ മുന്‍ സൂപ്പര്‍ താരത്തിന്റെ ഗുരുതരാവസ്ഥ പുറത്തുവന്നതോടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചിരുന്നു. കിവീസിന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ക്രിസ് കെയ്ല്‍സ്. ന്യൂസീലന്‍ഡ് ആദ്യമായി ഐസിസി കിരീടം നേടിയത് കെയ്ല്‍സിന്റെ ബാറ്റിങ് മികവിലായിരുന്നു.
വിരമിച്ച ശേഷം കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് കെയ്ല്‍സ് താമസിച്ചിരുന്നത്. സിഡ്‌നിയിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ. കിവീസിനായി മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം കളിച്ചിട്ടുണ്ട്.62 ടെസ്റ്റില്‍ നിന്ന് 33.54 ശരാശരിയില്‍ 3320 റണ്‍സും 218 വിക്കറ്റും 215 ഏകദിനത്തില്‍ നിന്ന് 29.46 ശരാശരിയില്‍ 4950 റണ്‍സും 201 വിക്കറ്റും രണ്ട് ടി20യില്‍ നിന്ന് മൂന്ന് റണ്‍സും ഒരു വിക്കറ്റും കെയ്‌ലിന്റെ പേരിലുണ്ട്.