മുംബൈ: വെസ്റ്റിന്‍ഡീസില്‍ നടക്കാനിരിക്കുന്ന പരമ്പരയിലേക്കുള്ള ടീമിനെ തെരഞ്ഞെടുത്തതിലും വിരാട് കോലിയെ വീണ്ടും ക്യാപ്റ്റനാക്കിയതിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇതിഹാസതാരം സുനില്‍ ഗാവസ്കര്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് എംഎസ്കെ പ്രസാദ് ചെയര്‍മാനായുള്ള സെലക്ഷന് കമ്മറ്റി വിരാട് കോലിയെ മൂന്ന് ഫോര്‍മാറ്റിലും വീണ്ടും ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ലോകകപ്പിലെ തോല്‍വിക്കുശേഷം ക്യാപ്റ്റനെ മാറ്റിയേക്കുമെന്ന അഭ്യൂഹത്തിനും ഇതോടെ വിരാമമിട്ടു.
സ്റ്റേഡിയം ഇളക്കിമറിച്ച് വീണ്ടും ബൂം ബൂം അഫ്രീദി - വീഡിയോ
ഒരു മാധ്യമത്തില്‍ എഴുതിയ തന്റെ കോളത്തില്‍ വിരാട് കോലിയെ വീണ്ടും തെരഞ്ഞെടുത്ത സെലക്ടര്‍മാരുടെ രീതിയെ ഗാവസ്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. ലോകകപ്പ് വരെയായിരുന്നു ക്യാപ്റ്റന്റെ നിയമനമെന്നും അതിനുശേഷം ഒരു യോഗം ചേര്‍ന്ന് ക്യാപ്റ്റനെ വീണ്ടും തെരഞ്ഞൈടുക്കാതെയാണ് വെസ്റ്റിന്‍ഡീസിലെ ടീം പ്രഖ്യാപനം നടന്നതെന്നും ഗാവസ്കര്‍ ചൂണ്ടിക്കാട്ടി. ചില ടീം അംഗങ്ങളെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കുന്നു. എന്നാല്‍, ക്യാപ്റ്റന്‍ പ്രതീക്ഷയ്ക്ക് അനുസരിച്ച പ്രകടനം നടത്താതിരുന്നിട്ടും വീണ്ടും അതേ സ്ഥാനത്ത് എത്തുന്നത് എങ്ങിനെയെന്ന് ഗാവസ്കര്‍ ചോദിക്കുന്നുണ്ട്.
ഇപ്പോഴത്തെ സെലക്ഷന് കമ്മറ്റിയുടെ ഒടുവിലത്തെ ടീം സെലക്ഷന് ആയിരിക്കുമിത്. അവരുടെ കാലാവധി കഴിയുന്നതോടെ പുതിയ കമ്മറ്റി നിലവില്‍ വരും. പുതിയ കമ്മറ്റി കുറേക്കൂടി ഉത്തരവാദിത്വത്തോടെ പെരുമാറുമെന്നാണ് കരുതുന്നതെന്നും മുന്‍ താരം വ്യക്തമാക്കി. എംഎസ്കെ പ്രസാദ്, ശരണ്‍ദീപ് സിങ്, ദേവാംഗ് ഗാന്ധി, ജതിന് പരംഞ്ജപെ, ഗഗന് ഖോഡ എന്നിവരാണ് സെലക്ഷന് കമ്മറ്റി അംഗങ്ങള്‍.