മലയാളിയായ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഇളയിടത്ത് ഹംസക്കോയ (63) കൊവിഡ് ബാധിച്ച് മരിച്ചു. ശനിയാഴ്ച്ച മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പത്തു ദിവസം മുന്‍പ് മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്ത് തിരിച്ചെത്തിയ ഇദ്ദേഹം ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് ഹംസക്കോയക്ക് കൊറോണ വൈറസുബാധ സ്ഥിരീകരിച്ചത്.
സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് പരപ്പനങ്ങാടി സ്വദേശിയായ ഇളയിടത്ത് ഹംസക്കോയ കളിച്ചിട്ടുള്ളത്. എണ്‍പതുകളില്‍ അഞ്ചു തവണ ഇദ്ദേഹം സന്തോഷ് ട്രോഫി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു. ക്ലബ് ഫുട്ബോള്‍ രംഗത്ത് മോഹന്‍ ബഗാന്, മൊഹമ്മദന്‍ സ്പോര്‍ടിങ് എന്നീ ടീമുകള്‍ക്കായി കളിച്ച ചരിത്രവും ഹംസക്കോയക്കുണ്ട്.
'കേരളത്തില്‍ നടന്ന സന്തോഷ് ട്രോഫിയിലും മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് ഹംസക്കോയ ബൂട്ടണിഞ്ഞത്. അദ്ദേഹവുമായി എപ്പോഴും ബന്ധം പുലര്‍ത്തിയിരുന്നു. മഞ്ചേരിയില്‍ ചികിത്സയിലായിരുന്നുവെന്നും ആരോഗ്യനില ഗുരുതരമാണെന്നും അറിയുകയുണ്ടായി. എന്നാല്‍ ഹംസക്കോയയുടെ മരണം പ്രതീക്ഷിച്ചിരുന്നില്ല', മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം വിക്ടര്‍ മഞ്ഞില ഇളയിടത്ത് ഹംസക്കോയയുടെ നിര്യാണത്തില്‍ പ്രതികരിച്ചു.
മുംബൈയില്‍ നിന്നും തിരിച്ചെത്തിയ ഹംസക്കോയയുടെ കുടുംബത്തില്‍ അഞ്ച് പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ബാധിതരായ കുടുംബം ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബൈയില്‍ നിന്നും റോഡു മാര്‍ഗ്ഗമാണ് ഹംസക്കോയയും കുടുംബവും മലപ്പുറത്തെത്തിയത്.