മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് കോവിഡ്. കഴിഞ്ഞ ദിവസം രോഗ ലക്ഷണങ്ങളെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ലക്‌നൗവിലെ ആശുപത്രിയിലാണ് അദ്ദേഹം. ചേതന് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ കുടുംബത്തെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ത്തന്നെയാണ് ഇവര്‍ ക്വാറന്റീനില്‍ കഴിയുന്നത്. 72 വയസുകാരനായ ചേതന് രോഗം എവിടെ നിന്നാണ് ബാധിച്ചതെന്ന് വ്യക്തമല്ല. വലം കൈ ബാറ്റ്‌സ്മാനും സ്പിന്നറുമായിരുന്ന അദ്ദേഹം ഇന്ത്യക്കുവേണ്ടി 40 ടെസ്റ്റില്‍ നിന്ന് 31.57 ശരാശരിയില്‍ 2084 റണ്‍സും രണ്ട് വിക്കറ്റും ഏഴ് ഏകദിനത്തില്‍ നിന്ന് 21.85 ശരാശരിയില്‍ 153 റണ്‍സുമാണ് നേടിയത്. 179 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 11143 റണ്‍സും 51 വിക്കറ്റും 26 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്നായി 617 റണ്‍സും ഒരു വിക്കറ്റും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.
ഇന്ത്യയില്‍ കോവിഡ് വ്യാപനം ഇപ്പോഴും ശക്തമായതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞിടെ പാകിസ്താന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗവിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം രോഗമുക്തനായിട്ടുണ്ട്. കഴിഞ്ഞിടെ മുന്‍ സ്‌കോട്ട്‌ലന്‍ഡ് താരം മജീദ് ഖാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായുള്ള പരിശോധനയില്‍ 10 പാകിസ്താന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് ഇവര്‍ക്ക് രോഗമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ സിനിമാ ഇതിഹാസം അമിതാ ബച്ചനും മകന്‍ അഭിഷേക് ബച്ചനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അഭിഷേകിന്റെ ഭാര്യയായ ഐശ്വര്യാ റായിയുടെ രോഗഫലം നെഗറ്റീവാണ്. എവിടെ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. നേരത്തെ നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ക്കും കൊറോണ വൈറസ് ബാധയേറ്റിരുന്നു. ആഴ്‌സണല്‍ പരിശീലകനും യുവന്റസിന്റെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാലയുള്‍പ്പെടെ മൂന്ന് താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. മുന്‍ റയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബ്ബ് പ്രസിഡന്റ് കൊറോണ ബാധിച്ച് മരണപ്പെടുകയും ചെയ്തിരുന്നു. ഇതിനോടകം ഒന്നരക്കോടിയാളുകളെയാണ് കൊറോണ ബാധിച്ചത്. അഞ്ചര ലക്ഷത്തോളം ആളുകള്‍ മരണപ്പെടുകയും ചെയ്തു. പ്രതിരോധ മരുന്ന് ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ രോഗ വ്യാപനം ശക്തമായി തുടരുകയാണ്. ഇതിനിടെ ശക്തമായ സുരക്ഷയൊരുക്കി അന്താരാഷ്ട്ര ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ വിജയകരമായാണ് ടൂര്‍ണമെന്റ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗിന്റെ ഫിക്‌സ്ചറും യുവേഫ പുറത്തുവിട്ടിരുന്നു. ടി20 ലോകകപ്പിന്റെ കാര്യം ഈ മാസം അവസാനം തീരുമാനമാകും.