ദില്ലി: കേരളത്തിനുവേണ്ടി ഒട്ടേറെ വേദികളില്‍ മത്സരത്തിനിറങ്ങിയ കായികതാരം ടോണി ഡാനിയേല്‍(66) അന്തരിച്ചു. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറിയും ചെയര്‍മാനുമായിരുന്നു. രാവിലെ വീട്ടില്‍വെച്ച് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്പ്രിന്റ് താരമായിരുന്ന ടോണി 1970ല്‍ സംസ്ഥാന റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. എറണാകുളം ജില്ലയ്ക്കുവേണ്ടി അദ്ദേഹം സ്ഥാപിച്ച റെക്കോര്‍ഡ് 30 വര്‍ഷത്തിനുശേഷമാണ് തകര്‍ക്കപ്പെട്ടത്. 1968 മുതല്‍ 72 വരെ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ജൂനിയര്‍ സീനിയര്‍ ലെവല്‍ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു.

കേരള അത്‌ലറ്റിക് അസോസിയേഷന്‍ സെക്ടട്ടറിയായിരുന്ന ടോണി ആലുവ സെന്റ് സേവ്യേഴ്‌സ് കോളജിലെ കായിക അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മികച്ച കായിക സംഘാടകന്‍ കൂടിയായ ഇദ്ദേഹം ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെ ഉള്ള രാജ്യാന്തര മല്‍സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു
അവസാന നിമിഷം വരെ കായിക മേഖലയില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ അകാല വേര്‍പാടില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. ടോണിയുടെ വിയോഗം കായിക ഇന്ത്യയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് എഫ്‌ഐ പ്രസിഡന്റ് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.