ലണ്ടന്‍: ഈ വര്‍ഷം അവസാനത്തോടെ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്‍. 2015ന് ശേഷം ഇംഗ്ലണ്ടിനുവേണ്ടി കളിക്കാത്ത താരം കൗണ്ടി ക്രിക്കറ്റില്‍ വാര്‍വിക് ഷെയറിനുവേണ്ടി കളി തുടര്‍ന്നു. പരിക്കിനെത്തുടര്‍ന്ന് 2019 സീസണ്‍ മുഴുവന്‍ നഷ്ടമായ ബെല്ലിന് ഈ സീസണിലും മികവ് കാട്ടാനായില്ല. പിന്നാലെ കൊറോണയെത്തുടര്‍ന്ന് ടൂര്‍ണമെന്റും പാതി വഴിയില്‍ അവസാനിച്ചതോടെയാണ് 38കാരനായ ബെല്‍ കളി നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്.
ട്വിറ്ററിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഒരു കാലത്ത് ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയിലെ നട്ടെല്ലായിരുന്നു ബെല്‍. 17 വയസ് മുതല്‍ കളിക്കുന്ന വാര്‍വിക് ഷെയറിനുവേണ്ടി കളിക്കുന്ന ബെല്‍ അതേ ടീമിനൊപ്പം വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു. കളിക്കാവശ്യമുള്ളതുപോലെ ശരീരം വഴങ്ങിക്കിട്ടുന്നില്ലെന്നും എന്റെ ശരിയായ സമയം ഇതാണെന്നും ബെല്‍ പറഞ്ഞു. ഇംഗ്ലണ്ട് ടീമിനൊപ്പം ഒരുപാട് നേട്ടങ്ങള്‍ ബെല്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ട് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയപ്പോള്‍ ബെല്ലും ടീമിന്റെ ഭാഗമായിരുന്നു. അഞ്ച് ആഷസ് പരമ്പരയുടെ ഭാഗമാകാനും ഒരു പരമ്പരയിലെ താരമാകാനും ബെല്ലിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലും മികച്ച പ്രകടനം നടത്താന്‍ ബെല്ലിന് സാധിച്ചു. കരിയറില്‍ നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും എല്ലാവരോടും ബെല്‍ നന്ദി ട്വിറ്ററിലൂടെ അറിയിച്ചു. ഇംഗ്ലണ്ടിനുവേണ്ടി കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്താണ് ബെല്‍. തുടര്‍ച്ചയായ പരിക്ക് അദ്ദേഹത്തിന്റെ കരിയറില്‍ വലിയ തിരിച്ചടി നല്‍കി.
വാര്‍വിക് ഷെയറിനുവേണ്ടി 20,000ലധികം ഫസ്റ്റ് ക്ലാസ് റണ്‍സ് നേടിയിട്ടുള്ള ബെല്ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 262 ആണ്. 311 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 11130 റണ്‍സും ബെല്‍ നേടി. 158 റണ്‍സാണ് ലിസ്റ്റ് എയിലെ ഉയര്‍ന്ന സ്‌കോര്‍. 2004ല്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലൂടെ വരവറിയിച്ച ബെല്‍ ഇതേ വര്‍ഷം ഏകദിനത്തിലും അരങ്ങേറി. ഇംഗ്ലണ്ടിനുവേണ്ടി 118 ടെസ്റ്റില്‍ നിന്ന് 42.69 ശരാശരിയില്‍ 7727 റണ്‍സും 1 വിക്കറ്റും 161 ഏകദിനത്തില്‍ നിന്ന് 37.87 ശരാശരിയില്‍ 5416 റണ്‍സും 6 വിക്കറ്റും 8 ടി20യില്‍ നിന്ന് 188 റണ്‍സുമാണ് ബെല്ലിന്റെ സമ്പാദ്യം.
ടെസ്റ്റില്‍ 22 സെഞ്ച്വറിയും ഏകദിനത്തില്‍ നാല് സെഞ്ച്വറിയുമാണ് ബെല്‍ നേടിയത്. ക്ലാസിക് ശൈലികൊണ്ട് കൂടുതല്‍ ആരാധക പിന്തുണ പിടിച്ചുപറ്റിയ താരമാണ് ബെല്‍. 2015ല്‍ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലാണ് അവസാനമായി ഇംഗ്ലണ്ട് ജഴ്‌സിയണിഞ്ഞത്. പോള്‍ കോളിങ്‌വുഡ്,കെവിന്‍ പീറ്റേഴ്‌സണ്‍,ആന്‍ഡ്രൂ ഫ്‌ളിന്റോഫ്,ആന്‍ഡ്രൂ സ്‌ട്രോസ്,അലിസ്റ്റര്‍ കുക്ക് തുടങ്ങിയവരോടൊപ്പം ഇംഗ്ലണ്ടിന്റെ മധ്യനിരയിലെ ശക്തമായ സാന്നിധ്യമായിരുന്നു ബെല്‍.