മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജി കസ്തൂരിരംഗന്‍ (89) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെട്ടു. കസ്തൂരി രംഗന്റെ മരണ വിവരം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ട്രെഷറര്‍ വിനയ് മൃത്യുഞ്ജയയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. മുന്‍ ബിസിസിഐ ക്യൂരേട്ടറായിരുന്ന കസ്തൂരിരംഗന്‍ 1948-1963 കാലഘട്ടങ്ങളിലായിരുന്നു ക്രിക്കറ്റില്‍ താരമെന്ന നിലയില്‍ സജീവമായി ഉണ്ടായിരുന്നത്. രഞ്ജി ട്രോഫിയില്‍ മൈസൂരിനുവേണ്ടിയാണ് അദ്ദേഹം കളിച്ചിരുന്നത്. വലം കൈ മീഡിയം പേസറെന്ന നിലയിലായിരുന്നു അദ്ദേഹം കൂടുതല്‍ ശോഭിച്ചിരുന്നത്.

അദ്ദേഹത്തിന്റെ മരണത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ അനില്‍ കുംബ്ലെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 'ജി കസ്തൂരിരംഗന്റെ വിയോഗ വാര്‍ത്ത ഏറെ ദുഖമുണ്ടാക്കുന്നതാണ്. അദ്ദേഹത്തിന്റെ ക്രിക്കറ്റ് സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഹൃദയത്തില്‍ നിന്ന് അനുശോചനം നേരുന്നു'എന്നായിരുന്നു കുംബ്ലെ ട്വിറ്ററില്‍ കുറിച്ചത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും അദ്ദേഹത്തിന്റെ മരണത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്. 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 421 റണ്‍സും 94 വിക്കറ്റുമാണ് കസ്തൂരി രംഗന്‍ നേടിയത് (വിക്കിപീഡിയ).