ദില്ലി: ബിസിസിഐയെ നേര്‍വഴിക്ക് നയിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേഷന്(സിഒഎ) അംഗമായ രാമചന്ദ്ര ഗുഹ പ്രതിഫലം നിരസിച്ചു. ഏതാണ്ട് 40 ലക്ഷം രൂപയാണ് രാമചന്ദ്ര ഗുഹ വേണ്ടെന്ന് വെച്ചത്. സുപ്രീം കോടതി നിയോഗിച്ച കമ്മറ്റിയുടെ തുടക്കത്തില്‍ നാലംഗ മെമ്പര്‍മാരില്‍ ഒരാളായിരുന്നു രാമചന്ദ്ര ഗുഹ. പിന്നീട് ഇദ്ദേഹം രാജിവെച്ചൊഴിഞ്ഞു.
സിഒഎ അധ്യക്ഷനും മറ്റൊരു അംഗമായ ഡയാന എഡ്യുല്ജിയും 33 മാസത്തെ സേവനത്തിന് 3.5 കോടി രൂപ വീതം പ്രതിഫലമായി വാങ്ങിയപ്പോള്‍ രാമചന്ദ്ര ഗുഹയും മറ്റൊരു അഗം വിക്രം ലിമായെയും പ്രതിഫലം വേണ്ടെന്നു വെച്ചു. 50.5 ലക്ഷം രൂപയാണ് വിക്രം നിരസിച്ചത്. സുപ്രീം കോടതി നിയോഗിച്ചപ്പോള്‍ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണെന്നും അതില്‍ മാറ്റമില്ലെന്നുമാണ് രാമചന്ദ്ര ഗുഹയുടെ പ്രതികരണം.
വിരാട് കോലിക്ക് പറയാനുള്ളത് കേള്‍ക്കും: ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി
സുപ്രീംകോടതി തന്നെ ഇതിനായി നിയോഗിച്ചത് ഒരു ബഹുമതിയായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിഫലം താന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നില്ല. മൂന്നുവര്‍ഷത്തോളം കാലം ഈ സ്ഥാനത്ത് തുടര്‍ന്നവര്‍ പ്രതിഫലം വാങ്ങിയത് ശരിയോ തെറ്റോ എന്നു പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2017ലാണ് സുപ്രീം കോടതി കമ്മറ്റിയെ നിയോഗിച്ചത്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ പുതിയ ബിസിസിഐ കമ്മറ്റി നിലവില്‍ വന്നതോടെ സിഒഎയുടെ കാലാവധിയും പൂര്‍ത്തിയാകുകയാണ്.
രാമചന്ദ്ര ഗുഹ 2017ല്‍ സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നീട് അദ്ദേഹം അനില്‍ കുംബ്ലെയെ പരിശീലക സ്ഥാനത്തുനിന്നും നീക്കിയ രീതിക്കെതിരെ വിമര്‍ശിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോലിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു കുംബ്ലെയെ സ്ഥാനത്തുനിന്നും നീക്കിയത്. പിന്നീട് കോലിയുടെ ഇഷ്ടക്കാരനായ രവി ശാസ്ത്രിയെ പുതിയ പരിശീലകനായി നിയമിക്കുകയും ചെയ്തു.