സാവോ പോളോ: മുന്‍ ബ്രസീല്‍ താരം അഡ്രിയാനോ ലെയ്റ്റ് മരിച്ചെന്ന് വ്യാജവാര്‍ത്ത. സോഷ്യല്‍ മീഡിയവഴി വാര്‍ത്ത അതിവേഗം പ്രചരിച്ചതോടെ താരം നേരിട്ട് രംഗത്തെത്തി. ബ്രസീലിനായും ഇന്റര്‍മിലാനിനായും ഒരുകാലത്ത് നിറഞ്ഞ് കളിച്ചിരുന്ന താരമാണ് അഡ്രിയാനോ. 2016ല്‍ പ്രൊഫഷണില്‍ ഫുട്ബോളില്‍നിന്നും വിരമിച്ചശേഷം താരം മാധ്യമങ്ങളില്‍ വീണ്ടും വാര്‍ത്തയാകുന്നത് ഇപ്പോഴാണ്.
വ്യാജവാര്‍ത്തയ്ക്കെതിരെ മുപ്പത്തിയെട്ടുകാരനായ അഡ്രിയാനോ നേരിട്ട് പ്രത്യക്ഷപ്പെടുകയായിരുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെ ചിത്രവുമായി താരം ഇന്‍സ്റ്റഗ്രാമിലെത്തി. മറ്റൊരു ഫോട്ടോയില്‍ താന്‍ വീട്ടില്‍ സുരക്ഷിതനാണെന്നും താരം പറയുന്നുണ്ട്. ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാനുവേണ്ടി ഗോളടിച്ചകൂട്ടിയിരുന്ന അഡ്രിയാനോ പിന്നീട് നിറംമങ്ങിപ്പോവുകയായിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്ക് വമ്പന്‍ തോല്‍വി; ബാഴ്സയ്ക്ക് സമനിലക്കുരുക്ക്
പിതാവിന്റെ വിയോഗത്തിനുശേഷം പൊടുന്നനെ താരത്തിന്റെ കളിമികവും കുറഞ്ഞു. ഇന്ററില്നിന്നും വിട്ടശേഷം ബ്രസീല്‍ ക്ലബ്ബുകളായ സാവോ പോളോ, ഫ്ളമിംഗോ, കൊറിന്ത്യന്‍സ് തുടങ്ങിയ ടീമുകള്‍ക്കായും ബൂട്ടുകെട്ടിയശേഷമായിരുന്നു വിരമിക്കല്‍. നേരത്തെ തോക്കുമുയര്ത്തി റെഡ് കമാന്റ് എന്ന സംഘത്തിനൊപ്പം നില്ക്കുന്ന അഡ്രിയാനോയുടെ ഫോട്ടോ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. 2004ലെ കോപ്പ അമേരിക്ക ജയിച്ച ബ്രസീല്‍ ടീമിലും 2005ല്‍ കോണ്‍ഫെഡറേഷന്‍ കപ്പ് ജയിച്ച ടീമിലും അഡ്രിയാനോ അംഗമായിരുന്നു. റൊണാള്‍ഡോ, റൊണാല്ഡീന്യോ, കക്ക തുടങ്ങിവര്‍ക്കൊപ്പം ദേശീയ ടീമില്‍ കളിച്ചിട്ടുണ്ട്. 27 ഗോളുകളും നേടി.