ലണ്ടന്‍: ബോക്‌സിംഗിലെ സൂപ്പര്‍താരമാണ് ഫ്‌ളോയ്ഡ് മേവെതര്‍. ഇടിക്കൂട്ടിലെ കരുത്തിന് കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലമാണ് മേവെതര്‍ നേടുന്നത്. എന്നാല്‍ ബോക്‌സിംഗ് വിട്ട് ഇപ്പോള്‍ താരത്തിന് ഫുട്‌ബോളിലും പ്രേമം തോന്നുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യൂണൈറ്റഡ് തന്നെ വാങ്ങാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നാണ് ഫ്‌ളോയ്ഡ് മേവെതര്‍ വ്യക്തമാക്കിയത്. എന്നുമാത്രമല്ല സുഹൃത്തും സൂപ്പര്‍താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമില്‍ എത്തിക്കുമെന്നും ബോക്‌സര്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് ന്യൂകാസില്‍ വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ സ്‌പോര്‍ട്‌സ് ഡയറക്ടും, ഉടമ മൈക്ക് ആഷ്‌ലിയും തീരുമാനിച്ചത്. വമ്പന്‍ ക്ലബിനെ എത്രയും പെട്ടെന്ന് വില്‍ക്കാനാണ് ഇവരുടെ ആഗ്രഹം. അമാന്‍ഡ സ്റ്റാവെലിയുടെ പിസിപി ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സുമായി ചര്‍ച്ചകള്‍ മുന്നേറിയെങ്കിലും ആഷ്‌ലി തന്നെ സമയം പാഴാക്കലാണെന്ന് കാണിച്ച് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 'താന്‍ ന്യൂകാസിലില്‍ നിക്ഷേപിക്കാന്‍ തയ്യാറായാല്‍ ഇടയ്ക്കിടെ അവിടെ പാര്‍ട്ടിക്ക് എത്തും', ഇതായിരുന്നു മേവെതറിന്റെ വാക്കുകള്‍.

ന്യൂകാസിലിനെ തനിക്ക് ഇഷ്ടമാണ്. മറ്റേത് നഗരങ്ങളെയും പോലെ പാര്‍ട്ടി ആഘോഷിക്കാന്‍ അവര്‍ക്ക് ഇഷ്ടമാണ്. കഴിഞ്ഞ വര്‍ഷം ഏതാനും താരങ്ങളെ കണ്ടുമുട്ടിയിരുന്നു. അവര്‍ നല്ലവരാണ്. പുതിയ ബിസിനസ്സ് അവസരങ്ങള്‍ക്കായി ഞാന്‍ വാതില്‍ തുറന്ന് ഇരിക്കുകയാണ്. എല്ലാ സ്‌പോര്‍ട്‌സും ഇഷ്ടവുമാണ്. പക്ഷെ നിക്ഷേപം നടത്തുമ്പോള്‍ ഹൃദയം കൊണ്ടല്ല തലച്ചോര്‍ ഉപയോഗിച്ചാണ് അത് നടത്തുക, മേവെതര്‍ വ്യക്തമാക്കി. ഹൃദയം കൊണ്ട് നിക്ഷേപം നടത്തിയാല്‍ പണം പോയിക്കിട്ടും. ആരെങ്കിലും ബിസിനസ്സ് പദ്ധതിയുമായി മുന്നോട്ട് വരണം, തന്റെ ആളുകള്‍ അത് പരിശോധിച്ച് കാശ് വാരാന്‍ പറ്റുന്ന ഇടമാണെന്ന് ഉറപ്പിച്ചാല്‍ പണം ഇറക്കുമെന്നാണ് ബോക്‌സറുടെ വാക്ക്.
സോക്കര്‍ തന്റെ ഗെയിം അല്ലെങ്കിലും അവിടെ തനിക്ക് പിടിപാടുകളുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ പിന്തുണയ്ക്കുന്ന സുഹൃത്താണ്. അതുകൊണ്ട് തന്നെ റൊണാള്‍ഡോയുടെ കരിയറിലെ അവസാനഘട്ടം ന്യൂകാസിലില്‍ ആകാന്‍ ചിലപ്പോള്‍ സാധ്യതയുമുണ്ട്. പ്രീമിയര്‍ ലീഗില്‍ 30 കളികളില്‍ നിന്നും 32 പോയിന്റുമായി 13-ാം സ്ഥാനത്താണ് നിലവില്‍ ന്യൂകാസില്‍.