ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയെ വിവാദത്തിലേക്ക് വലിച്ചിഴച്ച സംഭവത്തില്‍ മുന്‍ താരം ഫാറൂഖ് എഞ്ചിനീയര്‍ മാപ്പുപറഞ്ഞു. ഇന്ത്യന്‍ സെലക്ടമാരെ വിമര്‍ശിക്കാനായിരുന്നു ഫാറൂഖ് എഞ്ചിനീയര്‍ അനുഷ്കയെയും വിവാദത്തിലാക്കിയത്. കഴിഞ്ഞ ലോകകപ്പ് വേളയില്‍ സ്റ്റേഡിയത്തില്‍ മത്സരം കാണുകയായിരുന്ന അനുഷ്കയ്ക്ക് ചായ നല്‍കുകയായിരുന്നു സെലക്ടര്‍മാറുടെ പണിയെന്ന് എഞ്ചിനീയര്‍ വിമര്‍ശിച്ചിരുന്നു.
ഇതിനെതിരെ അനുഷ്ക പ്രതികരണവുമായെത്തി. സംഭവം അസത്യമാണെന്നും തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് പതിവായിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. താന്‍ ചായ കുടിക്കാറില്ലെന്നും കാപ്പിയാണ് കുടിക്കാറെന്നും അനുഷ്ക പ്രതികരിച്ചിരുന്നു. തന്നെ ഇനി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ഫാറൂഖ് എഞ്ചിനീയര്‍ ക്ഷമാപണവുമായി എത്തിയത്.
ബ്രസീലിനെതിരെ കളിക്കാന്‍ മെസ്സി അര്‍ജന്റീന ടീമില്‍ മടങ്ങിയെത്തി; കോപ്പയിലെ കണക്കുതീര്‍ക്കുമോ?
താന്‍ അതൊരു തമാശരൂപേണയാണ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, തന്റെ പരാമര്‍ശം മറ്റൊരു രീതിയിലാണ് വിവാദമായത്. അനുഷ്കയെ വെറുതെ വലിച്ചിഴയ്ക്കരുതായിരുന്നു. അവര്‍ നല്ല പെണ്‍കുട്ടിയാണ്. വിരാട് കോലി മികച്ച ക്യാപ്റ്റനും. കോച്ച് രവിശാസ്ത്രിയും മികവുള്ളയാള്‍ തന്നെ. സെലക്ടര്‍മാരെ വിമര്‍ശിക്കുക മാത്രമാണ് താന്‍ ഉദ്ദേശിച്ചത്. എന്നാല്‍, മറ്റൊരു രീതിയിലാണ് കാര്യങ്ങള്‍ കൈവിട്ടുപോയതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അനുഷ്കയെ വിമര്‍ശിക്കുകയായിരുന്നില്ല താന്‍. അനുഷ്കയും വിരാട് കോലിയുമെല്ലാം റോള്‍ മോഡലുകളാണ്. അനുഷ്കയ്ക്ക് വിഷമമുണ്ടായതില്‍ അതിയായി ഖേദിക്കുന്നു. സെലക്ടര്‍മാരെ വിമര്‍ശിച്ചത് മറ്റൊരു തലത്തിലാണ് എത്തിയത്. അവര്‍ അവരുടെ ജോലി ചെയ്യുന്നില്ല. അത് താന്‍ ചൂണ്ടിക്കാട്ടി. അത് അനുഷ്കയ്ക്കോ വിരാടിനോ എതിരെ ആയിരുന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.