വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മികച്ച ക്ലബ്ബുകളില്ലാത്തത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പതനത്തിന് കാരണമെന്ന് സേതുമാധവന്‍

ഏഷ്യന്‍ ഗെയിംസിന് ഫുട്‌ബോള്‍ ടീമിനെ അയക്കാത്തത് ശരിയായില്ല

കോഴിക്കോട്: മികച്ച ക്ലബ്ബുകളുടെ അഭാവമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മുന്‍ രാജ്യാന്തര താരവും കോച്ചുമായ കെപി സേതുമാധവന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍: ഇന്ത്യന്‍ സ്വപ്‌നവും യാഥാര്‍ഥ്യവുമെന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ക്ലബ്ബുകള്‍ ഉയര്‍ന്നു വന്നപ്പോഴെല്ലാം ഇന്ത്യന്‍ ഫുട്‌ബോള്‍ ഉയരങ്ങളിലേക്ക് കുതിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മികച്ച ക്ലബ്ബുകളൊന്നും പിറവിയെടുക്കുന്നില്ല. ഫുട്‌ബോളിനായി അസോസിയേഷനുകള്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും സേതുമാധവന്‍ ചൂണ്ടിക്കാട്ടി.

1

ഇന്ത്യന്‍ ടീം ഏതെങ്കിലുമൊരു ടൂര്‍ണമെന്റില്‍ പരാജയപ്പെട്ടു മടങ്ങിയാലും അസോസിയേഷനില്‍ ഒരു മാറ്റവും സംഭവിക്കില്ല. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇതല്ല സ്ഥിതി. ദേശീയ ടീം നിരാശാജനകമായ പ്രകടനം നടത്തിയാല്‍ അസോസിയേഷന്റെ തലപ്പത്തു തന്നെ മാറ്റങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ അയക്കേണ്ടെന്ന തീരുമാനം തെറ്റാണെന്ന് സേതുമാധവന്‍ അഭിപ്രായപ്പെട്ടു. ഇത്തരം വേദികളില്‍ ഏഷ്യയിലെ മികച്ച ടീമുകളുമായി ഏറ്റുമുട്ടാനുള്ള അവസരമാണ് ഇന്ത്യക്കു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2026ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്കും കളികക്കാന്‍ അവസരം ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സേതുമാധവന്‍ വ്യക്തമാക്കി. ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ് 2026ലേത്. അതുകൊണ്ടു തന്നെ ഇന്ത്യക്കും അവസരം ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

വിദേശ കോച്ചുകളെ ഇന്ത്യയിലെ ക്ലബ്ബുകളിലേക്ക് കൊണ്ടുവരുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു.ഇന്ത്യയെക്കുറിച്ച് ഒന്നുമറിയാത്ത വിദേശ കോച്ചുകളാണ് വിവിധ ക്ലബ്ബുകളുടെ പരിശീലകരായെത്തുന്നത്. അവരുമായി അടുപ്പം പുലര്‍ത്തുന്ന വിദേശ താരങ്ങളെ ഇന്ത്യയിലേക്കു കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ ക്ലബ്ബുകള്‍ വിദേശ പരിശീലകരുടെ പിറകെ പോവുന്നതെന്നും സേതുമാധവന്‍ വിശദമാക്കി. നിരവധി ഫുട്‌ബോള്‍ അക്കാദമികള്‍ കേരളത്തിലുണ്ട്. അവര്‍ക്കു പിന്തുണ നല്‍കാന്‍ ക്ലബ്ബുകള്‍ വേണം. ഈ ക്ലബ്ബുകള്‍ക്കു അസോസിയേഷനകളുടെ പിന്തുണയും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സന്തോഷ് ട്രോഫിയുള്‍പ്പെടെ പല ടൂര്‍ണമെന്റുകളുടെയും സ്ഥിതി പരിതാപകരമാണെന്നും ഐഎസ്എല്ലിന്റെ വരവ് ഇന്ത്യന്‍ ഫുട്‌ബോളിന് ചെറിയ ഉണര്‍വേകിയിട്ടുണ്ടെന്നും സേതുമാധവന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, റഷ്യന്‍ ലോകകപ്പില്‍ വിസ്മയിപ്പിച്ച ഐസ്‌ലാന്‍ഡിനെപ്പോലെയുള്ള രാജ്യങ്ങളെ ഇന്ത്യ മാതൃകയാക്കണമെന്നു ചര്‍ച്ച ഉദദ്ഘാടനം ചെയ്ത കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റും എംഎല്‍എയുമായ എ പ്രദീപ് കുമാര്‍ പറഞ്ഞു. ലോക നിലവാരത്തെക്കുറിച്ച് സ്വപ്‌നം കാണാന്‍ പോലും ഇന്ത്യക്കാവുന്നില്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. വന്‍ സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നു പല പ്രാദേശിക ടൂര്‍ണമെന്റുകളും ഇതിനകം അപ്രത്യക്ഷമായി. പ്രമുഖ ക്ലബ്ബുകളൊന്നും ഇപ്പോള്‍ സജീവമല്ല. ഐഎസ്എല്‍ കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിനു പ്രത്യേകിച്ചൊരു ഗുണവും ഉണ്ടാവില്ലെന്നും നല്ല ടൂര്‍ണമെന്റുകളെ ഇല്ലാതാക്കുകയാണ് ഐ ലീഗ് ചെയ്യുന്നതെന്നും പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, പുതുതായെത്തുന്ന താരങ്ങള്‍ക്ക് മല്‍സരരംഗത്ത് പിടിച്ചുനില്‍ക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ഐഎസ്എല്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിക്കു വേണ്ടി കളിച്ച മലയാളി ഗോള്‍കീപ്പര്‍ ഷഹിന്‍ ലാല്‍ പറഞ്ഞു. യുവതാരങ്ങള്‍ക്ക് കളിക്കാന്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ കൂടുതല്‍ ക്ലബ്ബുകള്‍ വരേണ്ടതുണ്ട്. ഐഎസ്എല്ലിന്റെ വരവ് കൂടുതുതല്‍ പേരെ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി പി വിജയകൃഷ്ണന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ പ്രേംനാഥ്, സെക്രട്ടറി പി വിപുല്‍നാഥ്, കെസി റിയാസ് എന്നിവരും പങ്കെടുത്തു.

Story first published: Sunday, July 15, 2018, 10:44 [IST]
Other articles published on Jul 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X