റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പരിമിത ഓവര്‍ നായകന് ലോകമെമ്പാടുനിന്നും ആശംസാ പ്രവാഹമാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച ഏക നായകനായ ധോണിയുടെ വിരമിക്കലില്‍ ഭാര്യ സാക്ഷിയും പ്രതികരണം അറിയിച്ചിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാക്ഷി ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ചത്. ധോണി ദൂരത്തേക്ക് നോക്കി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് സാക്ഷി ധോണിക്ക് ആശംസ നേര്‍ന്നത്'നിങ്ങള്‍ നേടിയ കാര്യങ്ങളെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ക്ക് അഭിമാനിക്കാം. മത്സരത്തില്‍ ഏറ്റവും മികച്ചത് തന്നെ നല്‍കിയതിന് അഭിനന്ദനം. വ്യക്തിയെന്ന നിലയിലുള്ള നിങ്ങളുടെ നേട്ടത്തെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു. കണ്ണീരടക്കിയാണ് നിങ്ങളുടെ വലിയ ആഗ്രഹത്തില്‍ നിന്ന് വിടപറയുന്നതെന്ന് എനിക്കുറപ്പുണ്ട്.

മുന്നോട്ട് നിങ്ങള്‍ക്ക് ആയുര്‍, ആരോഗ്യ, സന്തോഷം ഉണ്ടാകട്ടെ. നിങ്ങള്‍ പറഞ്ഞത് ചിലപ്പോള്‍ ആളുകള്‍ മറക്കും നിങ്ങള്‍ ചെയ്തതും ആളുകള്‍ മറക്കും എന്നാല്‍ നിങ്ങള്‍ നല്‍കിയ അനുഭൂതി ആളുകള്‍ ഒരിക്കലും മറക്കില്ല'-സാക്ഷി കുറിച്ചു. നേരത്തെ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് താഴെ ഒരു ഹൃദയത്തിന്റെയും തൊഴുകൈയുടെയും ഇമോജിയും സാക്ഷി പോസ്റ്റ് ചെയ്തിരുന്നു.
2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ നിന്ന് ധോണി വിട്ട്‌നില്‍ക്കുകയായിരുന്നു. ധോണി മടങ്ങിവരുമെന്ന് തന്നെ ഉറച്ചുവിശ്വസിച്ച ആരാധകരെ നിരാശപ്പെടുത്തിയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏകദിനത്തില്‍ ഇന്ത്യക്ക് ഏറ്റവും അധികം വിജയം സമ്മാനിച്ച നായകനാണ് ധോണി. ടെസ്റ്റില്‍ ഇന്ത്യയെ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിക്കാനും ധോണിക്കായി. 2007ല്‍ രാഹുല്‍ ദ്രാവിഡില്‍ നിന്ന് ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പുതിയൊരു യുഗത്തിന് തന്നെ തുടക്കമാവുകയായിരുന്നു.
ഐപിഎല്ലില്‍ അടുത്ത രണ്ട് വര്‍ഷം കൂടി ധോണി തുടരുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ പറഞ്ഞെങ്കിലും ഇൗ സീസണോടുകൂടി ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ധോണിയുടെ ബാറ്റിങ് കാണാനുള്ള അവസാന അവരമായിരിക്കും ഇത്തവണത്തെ ഐപിഎല്‍. നിലവില്‍ ചെന്നൈ ക്യാംപില്‍ പരിശീലനത്തിലാണ് ധോണി. ആഗസ്റ്റ് 20ന് ശേഷമായിരിക്കും ധോണിയും സംഘവും യുഎഇയിലേക്ക് പോവുക. ധോണി ഒഴിച്ചിട്ട വലിയ വിടവ് നികത്തുക ഇന്ത്യന്‍ സെലക്ടര്‍മാരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ജോലിയാണെന്നുറപ്പ്.
