
ദില്ലി: ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ് വരാനിരിക്കുന്ന സീസണില്‍ രണ്ടും കല്‍പ്പിച്ചാണ്. ടീമിന്റെ പേരും ലോഗോയുമടക്കം എല്ലാം അടിമുടി മാറ്റിയ ഡല്‍ഹി ഇന്ത്യയുടെ മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെയും ഒപ്പം കൂട്ടി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ നായകന്‍ കൂടിയായ ദാദയെ ഡല്‍ഹി തങ്ങളുടെ ഉപദേഷ്ടാവായി നിയമിച്ചു. ഡല്‍ഹി കോച്ച് റിക്കി പോണ്ടിങിനൊപ്പം ചേര്‍ന്ന് ഗാംഗുലി ഇനി പ്രവര്‍ത്തിക്കും.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നു 46കാരനായ ഗാംഗുലി പ്രതികരിച്ചു. ടീമുടമകളായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, ജിന്‍ഡാല്‍ എന്നിവരുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പരിചയമുണ്ട്. അവരുടെ ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞത് തന്നെ ആവേശഭരിതനാക്കുന്നതായി ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ യുവതാരം ശ്രേയസ് അയ്യരാണ് ഡല്‍ഹിയെ പുതിയ സീസണില്‍ നയിക്കുന്നത്. കഴിഞ്ഞ സീസണിന്റെ പകുതിയില്‍ വച്ച് സ്ഥാനമൊഴിഞ്ഞ ഗൗതം ഗംഭീറിന്റെ പകരക്കാരനായാണ് ശ്രേയസിനെ ചുമതലയേല്‍പ്പിച്ചത്. ഈ സീസണില്‍ ഡല്‍ഹിയുടെ ആദ്യ മല്‍സരം മാര്‍ച്ച് 24ന് മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെതിരേയാണ്. മുംബൈയിലാണ് ഈ മല്‍സരം. മാര്‍ച്ച് 26ന് ഹോംഗ്രൗണ്ടിലെ ആദ്യ കളിയില്‍ ഡല്‍ഹി നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സുമായി ഏറ്റുമുട്ടും.