ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെ യുഎഇയില്‍ നടക്കാനൊരുങ്ങുകയാണ്. ടീമുകളെല്ലാം ഈ മാസം 20ന് ശേഷം യുഎഇയിലേക്ക് പോവുക. ടീമുകളെല്ലാം മികച്ച താരനിരയുമായാണ് ഇത്തവണത്തെ ഐപിഎല്ലിനെത്തുന്നത്. ഇപ്പോഴിതാ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ ഒരു മാറ്റം വരുത്തിയിരിക്കുകയാണ്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സിന് പകരം ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ജയെ ടീമിലെത്തിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്.
2019 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന നോര്‍ജയ്ക്ക് തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത നോര്‍ജെ ഇത്തവണ അരങ്ങേറ്റം സ്വപ്‌നം കണ്ടാണിറങ്ങുന്നത്. 'ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ചേരുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. പരിചയസമ്പന്നരും യുവതാരങ്ങളും നിറഞ്ഞ മികച്ച ടീമാണ് ഡല്‍ഹിയുടേത്. മികച്ച പരിശീലക സംഘവുമുള്ള ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുക എനിക്ക് വലിയ പാഠങ്ങള്‍ മനസിലാക്കാനുള്ള അവസരമാണ്'-ആന്റിച്ച് നോര്‍ജെ പറഞ്ഞു.

ഇത്തരമൊരു അവസരം നല്‍കിയതിന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മാനേജ്‌മെന്റിനോട് കടപ്പെട്ടിരിക്കുന്നുവെന്നും നോര്‍ജെ കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 6 ടെസ്റ്റില്‍ നിന്ന് 19 വിക്കറ്റും 7 ഏകദിനത്തില്‍ നിന്ന് 14 വിക്കറ്റും 3 ടി20യില്‍ 2 വിക്കറ്റുമാണ് 26കാരനായ നോര്‍ജെ വീഴ്ത്തിയത്. ക്രിസ് വോക്‌സിന്റെ അഭാവം നികത്താന്‍ നോര്‍ജയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി മാനേജ്‌മെന്റ്.
ഭേദപ്പെട്ട പേസ് നിരയാണ് ഡല്‍ഹിയുടേത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദ,ഇന്ത്യയുടെ ഇഷാന്ത് ശര്‍മ എന്നിവരാണ് പേസ് നിരയുടെ പ്രധാന പ്രതീക്ഷ. അവസാന സീസണില്‍ 12 മത്സരത്തില്‍ നിന്ന് 25 വിക്കറ്റാണ് റബാദ വീഴ്ത്തിയത്. ഇഷാന്ത് ശര്‍മ 13 മത്സരത്തില്‍ നിന്ന് 13 വിക്കറ്റും വീഴ്ത്തി. കീമോ പോള്‍,ആവേഷ് ഖാന്‍,ഹര്‍ഷല്‍ പട്ടേല്‍,മോഹിത് ശര്‍മ എന്നിവരും പേസ് ബൗളര്‍മാരായി ടീമിലുണ്ട്.
ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായുള്ള ടീമില്‍ അജിന്‍ക്യ രഹാനെ,ശിഖര്‍ ധവാന്‍,പൃത്ഥ്വി ഷാ,ഷിംറോന്‍ ഹെറ്റ്‌മെയര്‍,ജേസണ്‍ റോയി,അലക്‌സ് ക്യാരി,റിഷഭ് പന്ത് എന്നിവരുമുണ്ട്. അമിത് മിശ്ര നയിക്കുന്ന സ്പിന്‍ നിരയില്‍ അക്‌സര്‍ പട്ടേല്‍,സന്ദീപ് ലാമിച്ചാനെ എന്നിവരും പ്രധാനികളാണ്. റിക്കി പോണ്ടിങ്ങാണ് ഡല്‍ഹിയുടെ പരിശീലകന്‍.