വെല്ലിങ്ടണ്‍: ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഓസ്‌ട്രേലിയയുമായി നടക്കേണ്ട പുരുഷ ടി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെക്കുന്നതായി തിങ്കളാഴ്ചയാണ് ഐസിസി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വര്‍ഷം തന്നെ നടക്കേണ്ടിയിരുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കാര്യത്തില്‍ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഇപ്പോഴിതാ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ചെയര്‍മാന്‍ ഗ്രേഗ് ബാര്‍ക്ലേ.
വനിതാ ക്രിക്കറ്റ് ലോകകപ്പ് ഈ വര്‍ഷം തന്നെ നടത്താന്‍ സാധിക്കുമെന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. 'വനിതാ ഏകദിന ലോകകപ്പിന്റെ കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാകും. ഈ വര്‍ഷം അല്ലെങ്കില്‍ പിന്നീടായാലും ലോകകപ്പ് നത്തേണ്ടതുണ്ട്.അതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കണം'-ബാര്‍ക്ലേ പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരി 6 മുതല്‍ മാര്‍ച്ച് 7 വരെ വനിതാ ലോകകപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോകകപ്പ് മാറ്റിവെക്കുകയായിരുന്നു. കോവിഡ് 19യെ പ്രതിരോധിക്കുന്നതിനാല്‍ ന്യൂസീലന്‍ഡ് സര്‍ക്കാര്‍ വലിയ വിജയമായിരുന്നു. ന്യൂസീലന്‍ഡിലെ ജീവിതം സാധാരണ നിലയിലായെങ്കിലും ഇപ്പോഴും ശക്തമായ സുരക്ഷാ മുന്‍കരുതല്‍ തുടരുകയാണ്. രാജ്യം വിടുന്നതിനും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും നിലവില്‍ നിയന്ത്രണമുണ്ട്.
കൂടാതെ ബോര്‍ഡറുകള്‍ അടച്ചിട്ടുമുണ്ട്.ലോകകപ്പ് നടത്തുന്നതിനായി ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കോവിഡിന് ഇതുവരെ ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അടുത്ത വര്‍ഷവും രോഗവ്യാപനം കുറയുമോയെന്ന് ഉറപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.2017ലെ വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടായിരുന്നു ജേതാക്കള്‍.
ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചായിരുന്നു ഇംഗ്ലണ്ട് കിരീടം നേടിയത്. 2022ല്‍ ഐസിസി വനിതാ ടി20 ലോകകപ്പും നടത്തേണ്ടതുണ്ട്. നിലവില്‍ നിശ്ചയിച്ച പ്രകാരം ദക്ഷിണാഫ്രിക്കയിലാണ് ടി20 ലോകകപ്പ് നടക്കേണ്ടത്. എന്നാല്‍ ഇതിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടിരുന്നില്ല.അടുത്ത വര്‍ഷം പുരുഷ ടി20 ലോകകപ്പ് ഉള്‍പ്പെടെ മൂന്ന് ലോകകപ്പ് നടത്തേണ്ട സാഹര്യമാണ് നിലവില്‍ ഐസിസിക്ക് മുന്നിലുള്ളത്.
കോവിഡ് വ്യാപനം ശക്തമായി തുടരുന്നത് മുന്നില്‍ക്കണ്ടാണ് ഐസിസി ടി20 ലോകകപ്പ് മാറ്റിവെച്ചത്. ലോകകപ്പ് മാറ്റിവെക്കാനുള്ള തീരുമാനത്തെ ഓസ്‌ട്രേലിയയും സ്വാഗതം ചെയ്തിരുന്നു. കോവിഡ് വ്യാപനം മുന്നില്‍ക്കണ്ട് യാത്രാവിലക്ക് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണം ഇപ്പോഴും ഓസ്‌ട്രേലിയയില്‍ തുടരുകയാണ്. ടി20 ലോകകപ്പ് നടക്കണ്ട സമയത്ത് ഐപിഎല്‍ നടത്താന്‍ ബിസിസിഐ കേന്ദ്രത്തോട് അനുവാദം ആവിശ്യപ്പെട്ടിട്ടുണ്ട്.ഇന്ത്യയില്‍ നടത്താന്‍ നിലവിലെ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ യുഎഇയിലാവും ലോകകപ്പ് നടക്കുക.