ടി20യില്‍ ശ്രീലങ്കയ്‌ക്കെതിരെ സൂപ്പര്‍ ഓവര്‍; ബൗളിങ്ങില്‍ കിടുക്കി ദക്ഷിണാഫ്രിക്കയുടെ താഹിര്‍
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് ജയം. സൂപ്പര്‍ ഓവറിലേക്ക് കടന്ന മത്സരത്തില്‍ 9 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സിന് ദക്ഷിണാഫ്രിക്കയും ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ഇരു ടീമുകളും സ്‌കോര്‍ സമനിലയിലായതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടത്. സൂപ്പര്‍ ഓവറില്‍ ദക്ഷിണാഫ്രിക്ക 14 റണ്‍സെടുത്തു. എന്നാല്‍, ശ്രീലങ്കയ്ക്ക് 5 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആതിഥേയര്‍ക്കായി സൂപ്പര്‍ ഓവര്‍ എറിഞ്ഞ ഇമ്രാന്‍ താഹിര്‍ ആണ് വിജയം തങ്ങള്‍ക്ക് അനുകൂലമാക്കിയത്. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്നതായിരുന്നു മത്സരം.

ശ്രീലങ്കന്‍ ബാറ്റിങ്
ശ്രീലങ്കയ്ക്കായി 29 പന്തില്‍നിന്നും 41 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസ് മാത്രമണ് തിളങ്ങിയത്. മറ്റൊരു താരത്തിനും 20 റണ്‍സിനപ്പുറം നേടാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍ഡിലെ ഫെലുക്വായോ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ തകര്‍ത്തടിച്ച ദക്ഷിണാഫ്രിക്ക അനായാസ ജയം സ്വന്തമാക്കുമെന്ന് തോന്നലുളവാക്കിയെങ്കിലും മത്സരം സമനിലയിലെത്തുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്
ദക്ഷിണാഫ്രിക്കയ്ക്കായി 30 പന്തില്‍ 34 റണ്‍സെടുത്ത റസ്സി വാന്‍ ഡെര്‍ ദസ്സനും 23 പന്തില്‍ 41 റണ്‍സെടുത്ത ഡേവിഡ് മില്ലറും നാലാം വിക്കറ്റില്‍ 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഏഴുവിക്കറ്റ് ശേഷിക്കെ 22 പന്തില്‍ 17 മതിയായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ഓവറുകളില്‍ അടിതെറ്റി. ക്യാപ്റ്റന്‍ ലസിത് മലിംഗയുടെ ഓവറുകളാണ് ദക്ഷിണാഫ്രിക്കയെ തളച്ചത്. നാല് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുകളാണ് മലിംഗ വീഴ്ത്തിയത്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സെടുക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന പന്തില്‍ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവസരം ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ പാഴാക്കി.

സൂപ്പര്‍ ഓവര്‍
സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മലിംഗതന്നെയാണ് പന്തെറിയാനെത്തിത്. എന്നാല്‍ ഡേവിഡ് മില്ലറുടെ 13 റണ്‍സ് ഉള്‍പ്പെടെ ദക്ഷിണാഫ്രിക്ക 14 റണ്‍സെടുത്തു. 15 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 5 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സൂപ്പര്‍ ഓവര്‍ എറിഞ്ഞ സ്പിന്നര്‍ താഹിറിന്റെ കണിശതയ്ക്കു മുന്നില്‍ തിസാര പെരേരയും ആവിഷ്‌ക ഫെര്‍ണോണ്ടോയും മുട്ടുമടക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications