ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടിയിട്ടുള്ള താരമാണ്. കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള സച്ചിന്‍ നിരവധി മത്സരങ്ങളിലാണ് അംപയറുടെ തെറ്റായ തീരുമാനത്തെത്തുടര്‍ന്ന് പുറത്തായിട്ടുള്ളത്. ഇന്നത്തെ അത്ര സാങ്കേതിക വിദ്യ വികസിച്ചിട്ടില്ലാത്തതിനാല്‍ത്തന്നെ അന്ന് അംപയറുടെ വിധിയായിരുന്നു നിര്‍ണ്ണായകം. ഇപ്പോഴിതാ അത്തരമൊരു സച്ചിന്റെ വിവാദ പുറത്താകലിന് കാരണമായ അംപയറായ ഡാരില്‍ ഹാര്‍പര്‍ അന്നത്തെ സംഭവത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.
1999ല്‍ ഓസ്‌ട്രേലിയക്കെതിരേ അഡലെയ്ഡ് ടെസ്റ്റിലാണ് വിവാദ സംഭവം നടന്നത്. ഗ്ലെന്‍ മഗ്രാത്തിന്റെ പന്ത് ബൗണ്‍സറാണെന്ന് കരുതി സച്ചിന്‍ കുനിഞ്ഞെങ്കിലും പ്രതീക്ഷ ഉയരം പന്തിന് ഉണ്ടായിരുന്നില്ല. സച്ചിന്റെ ഷോള്‍ഡറില്‍ പന്ത് തട്ടുമ്പോള്‍ സച്ചിന്‍ വിക്കറ്റിന് നേരെ തന്നെയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹാര്‍പര്‍ എല്‍ബി ഡബ്ല്യു വിധിക്കുകയായിരുന്നു.ഇൗ വിധി വലിയ വിവാദമാവുകയും ഹാര്‍പറെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.ഈ സംഭവത്തോടെ ലോകത്തിലെ ആറില്‍ ഒരു ഭാഗം ആളുകളും എന്റെ പേര് അറിഞ്ഞുവെന്നാണ് ഹാര്‍പര്‍ പറഞ്ഞത്.

' എന്റെ ജീവിതത്തിലെ എല്ലാ ദിവസവും ടെണ്ടുല്‍ക്കര്‍ക്കെതിരേ ആ വിധിയെക്കുറിച്ച് ഞാന്‍ ഓര്‍ക്കാറുണ്ട്.എന്നാല്‍ അതൊരിക്കലും എനിക്ക് ദുസ്വപ്‌നമോ ഉറക്കം കെടുത്തുന്നതോ ആയ ഒന്നല്ല.അന്ന് സച്ചിനെ ഔട്ട് വിളിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഭയമില്ലാതെ നിയമം കൃത്യമായി പാലിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്'-ഹാര്‍പര്‍ പറഞ്ഞു. എന്താണോ ഒരു അംപയര്‍ ചെയ്യേണ്ട് അതുമാത്രമാണ് ചെയ്തത്. ആ സമയത്ത് സച്ചിന്‍ ഇന്ത്യയുടെ നായകനായിരുന്നു. സ്റ്റാന്‍ഡേര്‍ഡ് പോസ്റ്റ്-മാച്ച് പേപ്പര്‍വര്‍ക്കിലെ എന്റെ പ്രകടനം വിലയിരുത്തിയപ്പോള്‍ ആ തീരുമാനം താന്‍ ശ്രദ്ധിച്ചില്ലെന്ന് ഐസിസി ഉദ്യോഗസ്ഥര്‍ എന്നെ അറിയിച്ചുവെന്നും ഹാര്‍പര്‍ പറഞ്ഞു.
അന്നത്തെ എന്റെ വിധി ശരിയാണെന്നാണ് സച്ചിന്‍ വിശ്വസിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് 2018ല്‍ എന്നോട് പറഞ്ഞിരുന്നു. അന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നു പ്രസാദ്.2018ലെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അഡലെയ്ഡില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് പ്രസാദ് ഇക്കാര്യം തന്നോട് പറഞ്ഞത്. ഏകദേശ 20 വര്‍ഷത്തിന് ശേഷമാണ് മനോഹരമായ അതേ മൈതാനത്ത് ഞങ്ങള്‍ കണ്ടുമുട്ടിയതെന്നും ഹാര്‍പര്‍ കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയക്കാരനായ ഹാര്‍പര്‍ 1998-2011 കാലയളവിലായി 94 ടെസ്റ്റിലും 1994-2011 കാലയളവിലായി 174 ഏകദിനത്തിലും 1987-2011 കാലയളവിലായി 164 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റില്‍ 214 മത്സരത്തിലും അംപയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.