കറാച്ചി: മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഐസിസിയുടെ ചെയര്‍മാന്‍ സ്ഥാനതെത്തിയാല്‍ തന്റെ വിലക്ക് നീക്കുന്നതിനായി അപ്പീല്‍ നല്‍കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ഗാംഗുലി ഐസിസിയുടെ തലപ്പത്തെത്തുണ്ടെങ്കില്‍ സഹായിക്കുമെന്നുറപ്പാണ്. ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കനേരിയ പറഞ്ഞു. സൗരവ് ഗാംഗുലി മഹാനായ ക്രിക്കറ്റ് താരമാണ്. അദ്ദേഹത്തിന് സത്യാവസ്ഥ മനസിലാകും. ഐസിസിയുടെ ചെയര്‍മാനാകാന്‍ അദ്ദേഹത്തേക്കാള്‍ യോഗ്യനായ മറ്റാരുമില്ല. ഗാംഗുലി ഐസിസിയുടെ തലപ്പത്തെത്തിയാല്‍ ക്രിക്കറ്റില്‍ ഇനിയും ഏറെ മാറ്റങ്ങളുണ്ടാകുമെന്നാണ് എന്റെ വിശ്വാസം. ഗാംഗുലി ശക്തനായ വ്യക്തിത്വത്തിന് ഉടമയാണ്. ഐസിസി ചെയര്‍മാനാകാന്‍ അദ്ദേഹത്തിന് പിസിബിയുടെ ആവശ്യം വരുമെന്ന് കരുതുന്നില്ലെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ മികച്ച സ്പിന്‍ ബൗളര്‍മാരിലൊരാളായിരുന്ന കനേരിയ 2012ല്‍ ഒത്തുകളി നടത്തിയെന്നാരോപിച്ചാണ് വിലക്ക് നേരിട്ടത്. ആദ്യം ഒത്തുകളി നിഷേധിച്ച കനേരിയ 2018ല്‍ കുറ്റ സമ്മതം നടത്തിയിരുന്നു. തെറ്റ് സംഭവിച്ചെന്നും തിരിച്ചുവരാന്‍ അവസരം നല്‍കണമെന്നും നിരന്തരമായി കനേരിയ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. മുഹമ്മദ് അമീര്‍ ഒത്തുകളി കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും തിരിച്ചുവരാന്‍ പിസിബി അവസരം നല്‍കി. സല്‍മാന്‍ ബട്ടിനോടും അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും തന്നെ മനപ്പൂര്‍വം അവഗണിച്ചുവെന്ന് കനേരിയ ആരോപണം ഉന്നയിച്ചിരുന്നു. 39കാരനായ കനേരിയ പാകിസ്താനുവേണ്ടി 61 ടെസ്റ്റില്‍ നിന്ന് 261 വിക്കറ്റ് നേടിയിട്ടുണ്ട്. അഞ്ച് വിക്കറ്റ് നേട്ടം 15 തവണയും 10 വിക്കറ്റ് നേട്ടം രണ്ട് തവണയും അദ്ദേഹം നേടിയിട്ടുണ്ട്. 19 ഏകദിനത്തില്‍ നിന്ന് 15 വിക്കറ്റും കനേരിയ വീഴ്ത്തിയിട്ടുണ്ട്.

കഴിഞ്ഞിടെ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ മത വിവേചനം തുറന്നുപറഞ്ഞ് കനേരിയ വിവാദം സൃഷ്ടിച്ചിരുന്നു. പാകിസ്താന്‍ ടീമില്‍ കളിച്ച മുസ്ലിം ഇതര മതസ്ഥനായ തന്നോട് താരങ്ങള്‍ വിവചേനം കാണിച്ചിരുന്നുവെന്നാണ് കനേരിയ വെളിപ്പെടുത്തിയത്. പല താരങ്ങളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായില്ല. ലഭിക്കേണ്ട അംഗീകാരങ്ങള്‍ ഒന്നും നല്‍കാതെ അവഗണിച്ചെന്നും കനേരിയ പറഞ്ഞിരുന്നു. മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കുമെതിരേ കനേരിയ പ്രതികരിച്ചിരുന്നു. കനേരിയ പറഞ്ഞ വര്‍ഗീയത പാക് ടീമില്‍ നിലനിന്നിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തറാണ് ആദ്യം രംഗത്തെത്തിയത്. കനേരിയുടെ കാര്യം ആദ്യം പറഞ്ഞതും അക്തറാണ്. ഇതിനെ പിന്താങ്ങിയാണ് പിന്നീട് കനേരിയ രംഗത്തെത്തിയത്. നിലവിലെ സാഹചര്യത്തില്‍ പാകിസ്താന്‍ ടീമില്‍ തിരിച്ചെത്തുക കനേരിയ്ക്ക് അസാധ്യമാണ്. യുവതാരങ്ങളുടെ മികച്ച നിര തന്നെ ഇപ്പോള്‍ പാകിസ്താനൊപ്പമുണ്ട്.