ഹര്‍ദിക്കിന്റെ പ്രണയം ക്രിക്കറ്റിനോട്... തിരിച്ചുവരാന്‍ കാരണം ഒന്നു മാത്രം, വെളിപ്പെടുത്തി ക്രുനാല്‍
മുംബൈ: മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമയ കപില്‍ ദേവിനു ശേഷം ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ ഓള്‍റൗണ്ടറെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. പരിക്കും സസ്‌പെന്‍ഷനുമെല്ലാം ആറു മാസത്തോളം ഹര്‍ദിക്കിനെ ടീമിനു പുറത്താക്കിയെങ്കിലും താരം തളര്‍ന്നില്ല. ശക്തമായ തിരിച്ചുവരവ് നടത്തിയ ഓള്‍റൗണ്ടര്‍ വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവാന്‍ തയ്യാറെടുക്കുകയാണ്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ട ഉജ്ജ്വല പ്രകടനമാണ് ഹര്‍ദിക് കാഴ്ചവയ്ക്കുന്നത്. ഹര്‍ദിക്കിന് എല്ലായ്‌പ്പോഴും മുന്‍ഗണന ക്രിക്കറ്റ് തന്നെയാണന്ന് സഹോദരനും മുംബൈ ഇന്ത്യയില്‍ സഹതാരവുമായ ക്രുനാല്‍ പാണ്ഡ്യ പറഞ്ഞു.

സമയം പാഴാക്കിയില്ല
പരിക്കും തുടര്‍ന്നു സസ്‌പെന്‍ഷനും കാരണം ആറു മാസത്തോളം ദേശീയ ടീമിനു പുറത്തിരുന്നപ്പോഴും ഹര്‍ദിക് സമയം പാഴാക്കിയില്ലെന്നു ക്രുനാല്‍ വ്യക്തമാക്കി. ഇക്കാലയളവില്‍ സ്വന്തം ഫിറ്റ്‌നസ് മെച്ചപ്പെടുത്താനുള്ള കഠിനാധ്വാനമാണ് അവന്‍ നടത്തിയത്. ഇതു തന്നെയാണ് ടീമില്‍ തിരിച്ചെത്താന്‍ സഹായിച്ചത്.
അവന്‍ എല്ലായ്‌പ്പോഴും ക്രിക്കറ്റിനു തന്നെയാണ് മുന്‍തൂക്കം നല്‍കുന്നത്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ക്രിക്കറ്റിനു വേണ്ടി കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുകയാണ് ഹര്‍ദിക്കെന്നും ക്രുനാല്‍ അഭിപ്രായപ്പെട്ടു.

പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു
എല്ലായ്‌പ്പോഴും സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നയാളാണ് ഹര്‍ദിക്. പ്രകടനം കൂടുതല്‍ നന്നാക്കിയാല്‍ മാത്രമേ സ്ഥിരത നിലനിര്‍ത്താന്‍ കഴിയൂ. ഓരോ വര്‍ഷവും അവന്റെ പ്രകടനം ശ്രദ്ധിച്ചാല്‍ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടു വന്നതായി മനസ്സിലാക്കാന്‍ കഴിയും. ആത്മവിശ്വാസമാണ് ഹര്‍ദിക്കിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ടെന്നും ക്രുനാല്‍ വിശദമാക്കി.

പലതും പഠിക്കുന്നു
ഹര്‍ദിക്കില്‍ നിന്നും പല കാര്യങ്ങളും പഠിക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നു ക്രുനാല്‍ വെളിപ്പെടുത്തി. എത്ര തന്നെ മോശം ഫോമിലൂടെ കടന്നു പോവുകയാണെങ്കിലും സ്വയം തളരാതെ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ തന്നെ പഠിപ്പിച്ചത് ഹര്‍ദിക്കാണ്. അവന്റെ ഏറ്റവും വലിയ പോസിറ്റീവും അതു തന്നെയാണെന്ന് ക്രുനാല്‍ പറയുന്നു.
കരിയറിലെ കന്നി ലോകകപ്പിലാണ് ഹര്‍ദിക് കളിക്കാനൊരുങ്ങുന്നത്. 45 ഏകദിനങ്ങളില്‍ നിന്നും 700ല്‍ അധികം റണ്‍സും 44 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications