കറാച്ചി: ഒത്തുകളി സംഘം സമീപിച്ചവിവരം മറച്ചുവെച്ചതിനെത്തുടര്‍ന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മൂന്ന് വര്‍ഷ വിലക്ക് ഏര്‍പ്പെടുത്തിയ പാകിസ്താന്‍ താരം ഉമര്‍ അക്മലിന് ഇനി കളി തുടരാം.കായിക തര്‍ക്കപരിഹാര കോടതിയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ തള്ളി ഉമര്‍ അക്മലിന് കളി തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെ ഒത്തുകളി സംഘം സമീപിച്ചവിവരം ഉമര്‍ മറച്ചുവെച്ചതിനാണ് നടപടി നേരിട്ടത്.
ഇതിനെതിരേ കോടതിയില്‍ സമീപിച്ച ഉമറിന്റെ ശിക്ഷാ കാലാവധി 12 മാസവും 4.2 ദശലക്ഷം രൂപ പിഴയുമായി ചുരുക്കുകയായിരുന്നു. അവസാന വര്‍ഷം ഫെബ്രുവരി 20നായിരുന്നു ഉമ്മറിന് വിലക്ക് ലഭിച്ചത്. ഇൗ വര്‍ഷം ഫെബ്രുവരി 20തോടെ നിലവിലെ വിലക്ക് കാലാവധി അവസാനിക്കുകയും ക്രിക്കറ്റ് കളിക്കാന്‍ വീണ്ടും അനുമതി ലഭിക്കുകയുമായിരുന്നു. ക്രിക്കറ്റിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളില്‍ നിന്നുമാണ് പിസിബി ഉമ്മര്‍ അക്മലിനെ വിലക്കിയത്.

'ഒത്തുകളി സംഘം സമീപിച്ച വിവരം പാകിസ്താന്‍ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിക്കാതിരുന്നത് ഈ വിവരം രഹസ്യമായി ഇരിക്കില്ലെന്ന് കരുതിയതിനാലാണ്. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എനിക്ക് താല്‍പര്യം ഉണ്ടായിരുന്നു. പിഎസ്എല്ലിനിടെ ഇത്തരത്തില്‍ ഒത്തുകളി സംഘം സമീപിച്ച വിവരം ബോര്‍ഡ് ചെയര്‍മാനോട് പറയണമെന്നാണ് കരുതിയത്. എന്നാല്‍ ലീഗിന്റെ തിരക്കുകളെത്തുടര്‍ന്ന് എനിക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. അദ്ദേഹത്തെ കാണാന്‍ സാധിക്കാതെ പോയതിനാലാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായത്. അത്തരം കാര്യങ്ങളില്‍ ഒരിക്കലും ഞാന്‍ ഭാഗമാവില്ല. കാരണം പാകിസ്താനുവേണ്ടി കളിക്കുകയെന്നത് എന്നെ സംബന്ധിച്ച് വലിയ അംഗീകാരമാണ്.
ക്രിക്കറ്റ് എന്റെ ബ്രഡ്ഡും വെണ്ണയുമാണ്. ഒരു വര്‍ഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നപ്പോഴുണ്ടായ നഷ്ടം എത്രത്തോളമെന്ന് എനിക്കുമാത്രമറിയാം. പാകിസ്താന്‍ ടീമിനൊപ്പം കരിയര്‍ പുനരാരംഭിക്കണം. അതിന് സാധിക്കുമെന്നാണ് പ്രതീക്ഷ. അവസാന 12 മാസംകൊണ്ട് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. എന്നില്‍ ഒരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നു. അതില്‍ ശ്രദ്ധ കൊടുക്കാനാണ് തീരുമാനം'-ഉമര്‍ അക്മല്‍ പറഞ്ഞു.
പാകിസ്താന്റെ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഉമ്മര്‍ അക്മല്‍. 30കാരനായ ഉമ്മറിന് ഇനിയൊരു തിരിച്ചുവരവ് വളരെ പ്രയാസം തന്നെയായിരിക്കും. പാകിസ്താനുവേണ്ടി 16 ടെസ്റ്റില്‍ നിന്ന് 1003 റണ്‍സും 121 ഏകദിനത്തില്‍ നിന്ന് 3194 റണ്‍സും 84 ടി20യില്‍ നിന്ന് 1690 റണ്‍സുമാണ് ഉമര്‍ അക്മല്‍ നേടിയത്.