ദില്ലി: 2022ല്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും ഷൂട്ടിങ് ഒഴിവാക്കി. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ഗെയിംസില്‍ ഈ ഇനത്തില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് സംഘാടകരുടെ തീരുമാനം. ഗോള്‍ഡ് കോസ്റ്റില്‍ ഏഴു സ്വര്‍ണം ഉള്‍പ്പെടെ ഇന്ത്യ 16 മെഡലുകള്‍ ഷൂട്ടിങ്ങില്‍നിന്നും മാത്രം സ്വന്തമാക്കിയിരുന്നു.
കോലിയോ, ധോണിയോ? ബിസിസിഐ പോള്‍... കളിയിലല്ല, ഹെയര്‍ സ്റ്റൈലില്‍ കേമനാര്?
2022ല്‍ ബര്‍മിങ്ഹാമിലാണ് അടുത്ത ഗെയിംസ് നടക്കാനിരിക്കുന്നത്. ഷൂട്ടിങ് ഒഴിവാക്കിയപ്പോള്‍ വനിതാ ക്രിക്കറ്റ്, ബീച്ച് വോളിബോള്‍, പാരാ ടേബിള്‍ ടെന്നീസ് എന്നീ ഇനങ്ങളെ ഉള്‍പ്പെടുത്തി. കഴിഞ്ഞദിവസം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് എക്സിക്യുട്ടീവ് മീറ്റിങ്ങിലാണ് തീരുമാനം. പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് ഗെയിംസ് ഫെഡറേഷനിലെ ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണവേണം.
ഷൂട്ടിങ്ങിനായി കൂടുതല്‍ തയ്യാറെടുപ്പ് വേണമെന്നതും കൂടുതല്‍ ദിനങ്ങള്‍ മാറ്റിവെക്കേണ്ടിവരുന്നതുമാണ് ഒഴിവാക്കാനുള്ള കാരണമായി പറയുന്നത്. അതേസമയം, ഷൂട്ടിങ് ഒഴിവാക്കിയാല്‍ ഗെയിംസ് ബഹിഷ്കരിക്കണമെന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന് പ്രസിഡന്റ് റാണീന്ദര്‍ സിങ് നേരത്തെ പറഞ്ഞിരുന്നു. ഷൂട്ടിങ് ഒഴിവാക്കുന്നതോടെ ഇന്ത്യ മെഡല്‍ പട്ടികയില്‍ താഴേക്കുപതിക്കുമെന്നുറപ്പാണ്.