കൊച്ചി: മലയാളി താരം സികെ വിനീത് ഈ സീസണില്‍ ജംഷഡ്പൂര്‍ എഫ്സിക്കുവേണ്ടി ബൂട്ടണിയും. കഴിഞ്ഞ ദിവസം ചെന്നൈയ്ന് എഫ്സി താരത്തെ ഒഴിവാക്കിയതിന് പിന്നാലെയാണ് ജംഷഡ്പൂര്‍ വിനീതിനെ സ്വന്തമാക്കിയത്. വിനീതിന്റെ വരവ് ജംഷഡ്പൂര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.കേരള ബ്ലാസ്്റ്റേഴ്സിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ വിനീതിന്റെ സമീപകാല പ്രകടനം അത്ര മികച്ചതായിരുന്നില്ല.
2011ല്‍ ചിരാഗ് യുണൈറ്റഡിലൂടെ ക്ലബ്ബ് കരിയര്‍ ആരംഭിച്ച വിനീത് 2012 മുതല്‍ 2014വരെ പ്രയാഗ് യുണൈറ്റഡിന് വേണ്ടി കളിച്ചു.2014ല്‍ വായ്പയില്‍ ബംഗളൂരുവിലെത്തിയ താരത്തെ ക്ലബ്ബ് സ്വന്തമാക്കി.ഇതോടെ 2017വരെ വിനീത് ബംഗളൂരുവില്‍ തുടര്‍ന്നു. ക്ലബ്ബിനുവേണ്ടി 47 മത്സരങ്ങളില്‍ നിന്ന് 14 ഗോളുമായി തിളങ്ങിയ താരം 2015ല്‍ വായ്പയിലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കേരളത്തിന്റെ പ്രമുഖ ക്ലബ്ബിലെ സ്റ്റാര്‍ സ്ട്രൈക്കറായി 2016ലും അദ്ദേഹം തിളങ്ങിയതോടെ 2017ല്‍ ബ്ലാസ്റ്റേഴ്സ് വിനീതുമായി കരാറിലെത്തി.
രോഹിത് ശര്‍മ്മ നേടിയ, വിരാട് കോലിക്ക് നേടാന്‍ കഴിയാത്ത അഞ്ചു റെക്കോര്‍ഡുകള്‍
രണ്ട് സീസണുകളില്‍ ക്ലബ്ബിനുവേണ്ടി കളിച്ച വിനീത് ആരാധകരുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്നാണ് ക്ലബ്ബ് മാറിയത്. ക്ലബ്ബിന്റെ മോശം പ്രകടനത്തില്‍ തന്നെയും കുടുംബത്തെയും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ അപമാനിച്ചതില്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി വിനീത് രംഗത്തെത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിനുവേണ്ടി 42 മത്സരത്തില്‍ നിന്ന് 11 ഗോളാണ് വിനീത് നേടിയത്.ബംഗളൂരുവിനൊപ്പം രണ്ട് ഐ ലീഗ് കിരീടത്തിലും ഒരു ഫെഡറേഷന് കപ്പ് വിജയത്തിലും വിനീത് ഭാഗമായി.2016ല്‍ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലില്‍ റണ്ണേഴ്സപ്പായപ്പോള് വിനീത് ടീമില്‍ അംഗമായിരുന്നു.