കൊച്ചി: ബ്രസീല്‍ യുവതാരം ജൈറോ റോഡ്രിഡസ് ഈ സീസണിലെ ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി കളിക്കും.26കാരനായ പ്രതിരോധനിരതാരം ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെന്റര്‍ബാക്കില്‍ ജൈറോ എത്തുന്നതോടെ ടീമിനത് കരുത്ത്പകരും.
''ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. തുടക്കം മുതല്‍ മികച്ച ആരാധക പിന്തുണയുള്ള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.മികച്ച ഫലം നേടുന്നതിനായി മികച്ച പ്രതിരോധനിരയെ കെട്ടിപ്പടുക്കണം. ഇതിനായി പ്രീ സീസണില്‍ ടീം അംഗങ്ങളോടൊപ്പം മികച്ച മുന്നൊരുക്കം നടത്തുകയാണ് ലക്ഷ്യം.എന്റെ കഴിവിന്റെ പരമാവതി ഞാന്‍ പുറത്തെടുക്കും''-ജൈറോ പറഞ്ഞു. െൈജറോയുടെ വരവിനെ ഇരുകൈയും നീട്ടിയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സ്വീകരിച്ചത്.

ജൈറോയുടെ സാന്നിധ്യം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പരിശീലകന്‍ ഇല്‍ക്കോ ഷട്ടോരി പ്രതികരിച്ചു. 2009ല്‍ ഗോയസ് എസ്‌പോര്‍ടെയ്‌ലിനൊപ്പം കരിയര്‍ ആരംഭിച്ച ജൈറോ സാന്റോസ് എഫ്‌സി,ട്രോഫെന്‍സ്,പെര്‍സേലാ തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.
നേരത്തെ മുതല്‍ ബ്രസീല്‍ താരം ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നതായി അഭ്യൂഹം ഉയര്‍ന്നിരുന്നു. നെയ്മറാണ് വരുന്നതെന്ന തരത്തില്‍ നിരവധി ട്രോളുകളും ഇതിന് പിന്നാലെയെത്തിയിരുന്നു.എന്തായാലും വലിയൊരു അഭ്യൂഹത്തിനുള്ള വിരാമം കൂടിയാണ് ജൈറോയുടെ വരവ്.