ന്യൂഡല്‍ഹി: ഇടിക്കൂട്ടില്‍ ഇന്ത്യയ്ക്കായി സ്വര്‍ണക്കൊയ്ത്ത് നടത്തിയ എം സി മേരി കോമിന് പദ്മ വിഭൂഷണ്‍ അവാര്‍ഡ്. രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പദ്മ വിഭൂഷണ്‍. ഇതാദ്യമായാണ് ഒരു വനിതാ കായികതാരത്തിന് പദ്മ വിഭൂഷണ്‍ ലഭിക്കുന്നത്. ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടി റെക്കോര്‍ഡ് സ്വന്തമാക്കിയ താരമാണ് മേരി.
ചെസ് ഇതിഹാസം വിശ്വനാഥന് ആനന്ദ്(2007), ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍(2008), പര്വതാരോഹകന് എഡ്മണ്ട് ഹിലാരി(2008) എന്നിവരെ കൂടാതെ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം കായിക താരം കൂടിയായി മേരി കോം. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ പി വി സിന്ധുവിന് പദ്മ ഭൂഷണ് അവാര്‍ഡും ലഭിച്ചു. 2015ല്‍ സിന്ധു പദ്മശ്രീ ബഹുമതി നേടിയിരുന്നു.
ഷാല്‍ക്കെയെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്; ഫ്രഞ്ച് ലീഗ്, സീരി എ മത്സരഫലങ്ങളും
മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന് പദ്മശ്രീ ബഹുമതിക്ക് അര്‍ഹനായി. വനിത ഫുട്ബോളര് ഒയിനം ബെംബം ദേവി, ഹോക്കി താരങ്ങളായ എം പി ഗണേശ്, റാണി രാംപാല്‍, ഷൂട്ടിങ് താരം ജിത്തു റായി, ആര്‍ച്ചര്‍ തരുണ്‍ദീപ് റായ് എന്നിവരും പദ്മശ്രീക്ക് അര്‍ഹരായി. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പദ്മ അവാര്‍ഡുകള്‍ 141 പേരുടെ പേരുകളാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ഏഴ് പേര്‍ക്ക് പദ്മവിഭൂഷണ് ലഭിച്ചപ്പോള്‍ 16 പേര്‍ക്ക് പദ്മഭൂഷനും 118 പേര്‍ക്ക് പദ്മശ്രീയും ലഭിച്ചു. 34 വനിതകളും 18 വിദേശികളും ബഹുമതിക്ക് അര്‍ഹരായി.