ബെംഗളുരു: ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും വാതുവെപ്പ് വിവാദം ഉയരുന്നു. തമിഴ്‌നാട് പ്രമീയര്‍ ലീഗില്‍ വാതുവെപ്പ് വിവാദം തലപൊക്കിയതിന് പിന്നാലെ കര്‍ണാടക പ്രീമിയര്‍ ലീഗിലും വാതുവെപ്പ് നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ബെലഗാവി പാന്ഥേഴ്‌സിന്റെ ഉടമ അസ്ഫക് അലി താര അറസ്റ്റിലായി. ബെംഗളുരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസ് അന്വേഷണത്തില്‍ ഒത്തുകളി നടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.
മത്സരമുള്ള ദിവസങ്ങളില്‍ ടീം ഉടമ വാതുവെപ്പുകാരുമായി ബന്ധപ്പെട്ടതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ദുബായിലുള്ള വാതുവെപ്പുകാരനുമായി അലി അസ്ഫക്കിനു ബന്ധമുള്ളതായും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2017-ല്‍ കെപിഎല്‍ ചാമ്പ്യന്മാരായിരുന്നു ബെലഗാവി പാന്തേഴ്സ്. ഈ സീസണില്‍ രണ്ടാം ക്വാളിഫയറില്‍ ഹുബ്ബള്ളി ടൈഗേഴ്സിനോടു തോറ്റിരുന്നു.

അലി വന്‍തോതില്‍ വാതുവെപ്പ് ഇടപാട് നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. വാതുവെപ്പുകാരെ കൂടാതെ മറ്റു ടീമുകളിലെ കളിക്കാരെയും അലി ഒത്തുകളിക്കായി ബന്ധപ്പെട്ടു. ഇതേതുടര്‍ന്ന് വിവിധ ടീമുകളില്‍നിന്നായി 30-ലധികം കളിക്കാരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഏഴു ടീമുകളാണ് കെപിഎല്ലിലുള്ളത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേടിട്ടുള്ള മേല്‍നോട്ടത്തില്‍ മത്സരം നടത്തുന്നു. അന്വേഷണത്തിനു കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെയും ബി.സി.സി.ഐ.യുടെ അഴിമതിവിരുദ്ധ യൂണിറ്റിന്റെയും സഹായം തേടുമെന്ന് ജോ. കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.