ബ്രിസ്‌റ്റോള്‍: ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച താരമാണ് ബെന്‍ സ്റ്റോക്‌സ്. ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിക്കറ്റ് താരങ്ങളിലൊരാള്‍ കളിക്കളത്തിലെ മികച്ച പ്രകടനത്തിന് ശേഷം കോടതി കയറിയിറങ്ങുകയാണ്. നൈറ്റ് ക്ലബിന് പുറത്ത് വെച്ച് രണ്ട് പേരെ ഇടിച്ച് ബോധംകെടുത്തിയ കേസിലാണ് സ്‌റ്റോക്‌സിന്റെ വിചാരണ ആരംഭിച്ചത്. സെപ്റ്റംബറില്‍ ഇംഗ്ലീഷ് നഗരമായ ബ്രിസ്‌റ്റോളില്‍ ടീമിനൊപ്പം കളിക്കാനെത്തിയ സമയത്തായിരുന്നു അക്രമം. ഇതോടെ രാജ്യത്തിന്റെ സുപ്രധാനമായ മത്സരം താരത്തിന് നഷ്ടമായി.
സ്റ്റോക്‌സിന് പുറമെ സുഹൃത്തുക്കളായ മുന്‍ സൈനികന്‍ റയാല്‍ ഹെയില്‍, എമര്‍ജന്‍സി സര്‍വ്വീസ് ജീവനക്കാരന്‍ റയാന്‍ അലി എന്നിവരും ബ്രിസ്‌റ്റോള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായി. സ്റ്റോക്‌സിന്റെ ഇടിയേറ്റ് അലിയുടെ കണ്‍തടം തകര്‍ന്നു. പകരംവീട്ടാനുള്ള ലക്ഷ്യത്തോടെയാണ് സ്‌റ്റോക്‌സ് നിയന്ത്രണംവിട്ട് പെരുമാറിയതെന്ന് പ്രോസിക്യൂട്ടര്‍ നിക്കോളാസ് കോര്‍സെലിസ് വ്യക്തമാക്കി. ഹെയിലിനെ ഇടിച്ച് ബോധംകെടുത്തിയ ശേഷം അലിയോടും ഇത് തന്നെ ആവര്‍ത്തിച്ചു.

വെസ്റ്റിന്‍ഡീസിന് എതിരെ നടന്ന ഏകദിന മത്സരത്തിന് ശേഷം ഇംഗ്ലീഷ് സഹതാരങ്ങളോടൊപ്പം എംബാര്‍ഗോ നൈറ്റ് ക്ലബില്‍ പാര്‍ട്ടിക്ക് എത്തിയതാണ് സ്റ്റോക്‌സ്. പുലര്‍ച്ചെ 12.46-ന് ക്ലബ് വിട്ടിറങ്ങിയ സംഘം 2 മണിയോടെ തിരിച്ചെത്തി. ക്ലബ് അടച്ചതിനാല്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചു. ഇതോടെ ഡോര്‍ സൂപ്പര്‍വൈസറെ അസഭ്യം പറഞ്ഞ സ്റ്റോക്‌സ് രണ്ട് സ്വവര്‍ഗ്ഗപ്രേമികളുമായി സംസാരിച്ചു. ഇവരെ പരിഹസിച്ച ശേഷം പ്രദേശംവിട്ട സ്റ്റോക്‌സ് പിന്നീട് ബാരി ഒ'കോണര്‍, ഹെയില്‍, അലി എന്നിവരുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
അലിയുടെ കൈയില്‍ പ്രതിരോധിക്കാന്‍ ഒരു കുപ്പി മാത്രമാണുണ്ടായിരുന്നത്. സംഭവസ്ഥലത്ത് വെച്ച് പോലീസ് സ്‌റ്റോക്‌സിനെ അറസ്റ്റ് ചെയ്തു. ഇന്ത്യയെ നേരിടുന്ന ടെസ്റ്റ് ടീമില്‍ നിന്നും ഇടവേളയെടുത്താണ് സ്‌റ്റോക്‌സ് കോടതിയിലെത്തിയത്.