മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 നായകസ്ഥാനത്ത് നിന്ന് വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോലി സ്ഥാനമൊഴിയുന്നു എന്ന വാര്‍ത്തയെ വളരെ ഞെട്ടലോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കേട്ടത്. മൂന്ന് ഫോര്‍മാറ്റിലും നായകനായി തിളങ്ങുന്ന കോലി അപ്രതീക്ഷിതമായി ഇത്തരത്തില്‍ സ്ഥാനം ഒഴിയാനുള്ള കാരണത്തിന് പിന്നാലെയായിരുന്നു പിന്നീട് ആരാധകര്‍. രോഹിതും കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമെന്നും പല സീനിയര്‍ താരങ്ങള്‍ക്കും കോലിയുടെയും പരിശീലകന്‍ രവി ശാസ്ത്രിയുടെയും ഏകാധിപത്യ നിലപാടുകളോട് വിയോജിപ്പുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് പര്യടനത്തില്‍ കോലി നാല് മത്സരത്തിലും പുറത്തിരുത്തിയതിനെതിരേ അശ്വിന്‍ ബിസിസി ഐയില്‍ പരാതി നല്‍കിയെന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് കാരണം കോലിയുടെ ക്യാപ്റ്റന്‍സിയുടെ പ്രശ്‌നമാണെന്ന് ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും പരാതിപ്പെട്ടുവെന്നും തുടങ്ങി പല കഥകളും കോലിയുടെ നായകസ്ഥാനം ഒഴിയാനുള്ള തീരുമാനത്തിന് പിന്നാലെ പ്രചരിക്കുന്നുണ്ട്.
സത്യത്തില്‍ ഇത്തരത്തിലുള്ള പരാതി ആരെങ്കിലും ബിസിസി ഐക്ക് നല്‍കിയിട്ടുണ്ടോ?ബിസിസി ഐ ട്രഷറര്‍ അരുണ്‍ ദുമാല്‍ത്തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ്. ഒരു താരം പോലും വാക്കാലെയോ എഴുതിയോ കോലിക്കെതിരേ പരാതി നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് അരുണ്‍ ദുമാലിനെ ഉദ്ധരിച്ച് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവിട്ടത്.

'ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ പുറത്തുവിടുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കേണ്ടതായുണ്ട്. ഒരു ഇന്ത്യന്‍ താരം പോലും വാക്കാലെയോ എഴുതിയോ കോലിക്കെതിരേ ബിസിസി ഐയില്‍ പരാതി നല്‍കിയിട്ടില്ല.പ്രചരിക്കുന്ന എല്ലാ തെറ്റായ വാര്‍ത്തകള്‍ക്കും മറുപടി നല്‍കാന്‍ ബിസിസി ഐക്ക് സാധിക്കില്ല. മറ്റൊരു റിപ്പോര്‍ട്ട് പ്രചരിക്കുന്നത് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ മാറ്റമുണ്ടാകുമെന്നാണ്. ആരാണ് ഇത് പറഞ്ഞത്?'- അരുണ്‍ ദുമാല്‍ പറഞ്ഞു.
കോലിയും രോഹിത്തും തമ്മിലുള്ള അഭിപ്രായഭിന്നതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി കൂടുതല്‍ പ്രചരിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വളരെ സൗഹാര്‍ദത്തോടെ ചിരിച്ചുകൊണ്ടാണ് ഇരുവരും സംസാരിച്ചിരുന്നത്. ടി20 ലോകകപ്പിലെ നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതിന് പിന്നാലെ രോഹിത്തിനെ അടുത്ത നായകനാക്കരുതെന്ന് കോലി ബിസിസിഐയോട് ആവിശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
റിഷഭിനെ ടി20 നായകനാക്കാനും കെ എല്‍ രാഹുലിനെ ഏകദിന നായകനാക്കാനും കോലി ബിസിസി ഐയോട് ആവിശ്യപ്പെട്ടുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ആര്‍ അശ്വിനും വിരാട് കോലിയും അടുത്ത സുഹൃത്തുക്കളാണ്. കോലിക്കെതിരേ അശ്വിന്‍ പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ നല്‍കിയതിനെ ട്രോളി അശ്വിന്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിട്ടുണ്ട്. ഇന്ത്യന്‍ ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്നത് തെറ്റായ പ്രചാരണം മാത്രമാണെന്നും ഇത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നുമാണ് അരുണ്‍ ദുമാലിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
വിരാട് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്നത് ബിസിസി ഐയുടെ തീരുമാനമല്ലെന്നും കോലി ഇക്കാര്യം സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും ദുമാല്‍ പറഞ്ഞു. 'വിരാട് സ്വയം ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. തന്റെ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ നായകസ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന കാഴ്ചപ്പാടാണ് അവനുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണവന്‍. അവന്റെ മാത്രം തീരുമാനമാണിത്. തെറ്റായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സല്‍പ്പേരിനെയാണ് ബാധിക്കുന്നത്. നല്ല റിപ്പോര്‍ട്ടുകള്‍ ഞാന്‍ കാണാറും വായിക്കാറുമുണ്ട്. എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്-അരുണ്‍ ദുമാല്‍ കൂട്ടിച്ചേര്‍ത്തു.