അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2020ലെ ടൈറ്റില്‍ സ്‌പോണ്‍സറെ പ്രഖ്യാപിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഗെയിം കമ്പനിയായ ഡ്രീം ഇലവനാണ് ഇത്തവണത്തെ ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. 250 കോടിക്കാണ് ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയതെന്നാണ് വിവരം. ഈ മാസം 14വരെ ലഭിച്ച അപേക്ഷകളില്‍ നിന്നാണ് ബിസിസി ഐയും ഐപിഎല്‍ സമിതിയും ചേര്‍ന്ന് ടൈറ്റില്‍ സ്‌പോണ്‍സറെ തിരഞ്ഞെടുത്തത്.
നേരത്തെ ടാറ്റാ സണ്‍സായിരുന്നു സ്‌പോണ്‍സര്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ അവസാന സമയത്തെ വാശിയേറിയ പോരാട്ടത്തില്‍ 250 കോടിക്ക് ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ഷിപ്പ് നേടിയെടുക്കുകയായിരുന്നു. 2008ല്‍ രൂപം കൊണ്ട ഡ്രീം ഇലവന്റെ അംബാസഡര്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയാണ്. ഡ്രീം ഇലവന്റ പരസ്യങ്ങളിലും ധോണിയാണുള്ളത്.

ഇതിനോടകം തന്നെ ആളുകള്‍ക്ക് വളരെയധികം സുപരിചിതമായ കമ്പനിയാണ് ഡ്രീം ഇലവന്‍. ഓണ്‍ലൈന്‍ ക്രിക്കറ്റ് ഗെയിമുകളാണ് ഡ്രീം ഇലവന്‍ നല്‍കുന്നത്. എന്തായാലും സ്‌പോണ്‍സറുടെ കാര്യത്തില്‍ തീരുമാനമായതോടെ ഇനി ധൈര്യത്തോടെ ബിസിസിഐക്ക് മുന്നോട്ടുപോകാം. ഇന്ത്യയുടെ ജഴ്‌സി സ്‌പോണ്‍സര്‍മാരായ ബൈജൂസിനൊപ്പം അണ്‍ അക്കാദമി,ടാറ്റാ സണ്‍സ് എന്നിവരായിരുന്നു ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പിനായി സജീവമായി രംഗത്തുണ്ടായത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ 20ഓളം ഇന്ത്യന്‍ സൈനികര്‍ മരിച്ചിരുന്നു. അതിനാല്‍ത്തന്നെ രാജ്യത്തെ ചൈനാ വിരുദ്ധ മനോഭാവം ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ഐപിഎല്‍ സ്‌പോണ്‍സര്‍ സ്ഥാനത്ത് നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറിയതോടെയാണ് പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ ബിസിസിഐക്ക് കണ്ടെത്തേണ്ടി വന്നത്. വിവോയെക്കൂടാതെ മറ്റ് ചൈനീസ് കമ്പനികളും ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് വിട്ട് നില്‍ക്കും. അഞ്ച് വര്‍ഷത്തെ കരാറാണ് 2019ല്‍ വിവോയുമായി ബിസിസി ഐ ഒപ്പിട്ടത്.
പ്രതിവര്‍ഷം 420 കോടിയോളം രൂപ വിവോയില്‍ നിന്ന് ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവോയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പോടെ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ആദ്യം ബിസിസി ഐക്ക് അനുവാദം നല്‍കിയെങ്കിലും സാമൂഹിക മാധ്യമത്തില്‍ പ്രതിഷേധം ശക്തമായതോടെ തീരുമാനം തിരുത്തുകയായിരിരുന്നു. നിലവില്‍ ചൈനയുടെ 49 ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ വിലക്കുണ്ട്. കൂടാതെ ചൈനീസ് ഇറക്കുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണയുടെ സാഹചര്യം പരിഗണിച്ച് സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെ യുഎഇയിലാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ നടക്കുന്നത്.