കൊല്‍ക്കത്ത: ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലുള്ള മുന്‍ ഇന്ത്യന്‍ നായകനായും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടില്ല. നേരത്തെ ബുധനാഴ്ച ഗാംഗുലി ഡിസ്ചാര്‍ജ് ആകുമെന്നായിരുന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഒരു ദിവസം കൂടി നിരീക്ഷണം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. നാളെ അദ്ദേഹം വീട്ടിലേക്ക് മടങ്ങുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയിലാണ് ഗാംഗുലിയുടെ ചികിത്സ നടന്നിരുന്നത്.
നിലവില്‍ ഗാംഗുലി പൂര്‍ണ്ണ ആരോഗ്യവാനാണ്. തിങ്കളാഴ്ച ഗാംഗുലിയുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. അതില്‍ ഗാംഗുലി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അപകട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഗാംഗുലിക്ക് കൂടുതല്‍ ആഞ്ചിയോപ്ലാസ്റ്റിയുടെ ആവിശ്യമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചത്.ആദ്യ ആഞ്ചിയോപ്ലാസ്റ്റിയോട് തന്നെ അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഇനി കൂടുതല്‍ ആഞ്ചിയോപ്ലാസ്റ്റി ചെയ്യേണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളിലായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,മുന്‍ ബിസിസി ഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ തുടങ്ങിയവരെല്ലാം ഗാംഗുലിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഗാംഗുലി ചിരിച്ചുകൊണ്ടാണ് സംസാരിച്ചതെന്നും അദ്ദേഹം വേഗം സുഖം പ്രാപിക്കുന്നുണ്ടെന്നുമാണ് ഇവര്‍ ആരാധകരോടായി പറഞ്ഞത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാലും ഒരു മാസത്തോളം ഗാംഗുലിക്ക് വിശ്രമം വേണ്ടി വന്നേകുമെന്നാണ് വിവരം.
ശനിയാഴ്ച ജിമ്മില്‍ പരിശീലനം നടത്തവെയാണ് ഗാംഗുലിക്ക് നെഞ്ചുവേദന ഉണ്ടായത്.ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചതാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കായിക ലോകം കേട്ടത്. നിരവധി പ്രമുഖരും ആരാധകരും ഗാംഗുലി വേഗം സുഖം പ്രാപിക്കട്ടേയെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസ നേര്‍ന്നിരുന്നു. ധമനികളില്‍ ഉണ്ടായ രണ്ട് ബ്ലോക്കാണ് ഹൃദയാഘാതത്തിന് കാരണമായത്. ആദ്യ ആഞ്ചിയോപ്ലാസ്റ്റില്‍ തന്നെ ഗാംഗുലിയുടെ ശരീരം പൂര്‍ണ്ണമായും സഹകരിച്ചതിനാല്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടായില്ല.
ഐപിഎല്ലിന്റെ ഭാഗമായി രണ്ട് മാസത്തിലേറെയായി യുഎഇയിലായിരുന്ന ഗാംഗുലി നാട്ടില്‍ മടങ്ങിയെത്തിയ ശേഷം സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിന്റെ നടത്തിപ്പ് സംബന്ധിച്ച തിരക്കുകളിലായിരുന്നു. ഈ മാസം 10നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായി കഴിഞ്ഞ ദിവസം ഗാംഗുലി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തിന് ഇത്തരമൊരു ശാരീരിക പ്രയാസമുണ്ടായത്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ അവസാന വര്‍ഷവും മികച്ച സാമ്പത്തിക ലാഭമാണ് ബിസിസിഐ ഉണ്ടാക്കിയത്.