മുംബൈ:കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെക്കേണ്ടി വന്ന ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഡിസംബറില്‍ നടക്കും. ഒക്ടോബറില്‍ ആരംഭിക്കേണ്ടിയിരുന്ന പരമ്പരയാണ് ഡിസംബറിലേക്ക് മാറ്റിയത്.ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ബ്രിസ്ബണിലാവും നടക്കുക. രണ്ടാമത്തെ മത്സരം പിങ്ക് ബോള്‍ ടെസ്റ്റാണ്. രാത്രിയും പകലുമായി നടക്കുന്ന മത്സരത്തിന് അഡലെയ്ഡാണ് വേദി. മൂന്നാം ടെസ്റ്റ് മെല്‍ബണും നാലാം ടെസ്റ്റ് സിഡ്‌നിയിലുമാണ് നടക്കുക.
ജനുവരിയില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ ഓസ്‌ല്രേിയയില്‍ കളിക്കും. നിലവിലെ ടീമുകളില്‍ ഏറ്റവും ശക്തമായ രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശം ഇരട്ടിക്കും. ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കോലിയും സംഘവും കീഴടക്കിയതിന്റെ പ്രതികാരം വീട്ടാനുറച്ചാവും കംഗാരുക്കള്‍ ഇത്തവണ ഇറങ്ങുക. അന്നത്തെ ടീമില്‍ നിന്ന് കൂടുതല്‍ ശക്തമായ ടീമാണ് നിലവില്‍ ഓസീസിനൊപ്പമുള്ളത്.

ഇന്ത്യയുടെ ബാറ്റിങ് നിരയും ഓസ്‌ട്രേലിയയുടെ പേസ് നിരയും തമ്മിലുള്ള പോരാട്ടത്തിനാവും പരമ്പര സാക്ഷ്യം വഹിക്കുക.ഇന്ത്യയുടെ അവനാസ ന്യൂസിലന്‍ഡ് പര്യടനത്തില്‍ നാണംകെട്ട തോല്‍വി കോലിയും സംഘവും ഏറ്റുവാങ്ങിയിരുന്നു. ഇതില്‍ നിന്ന് തിരിച്ചുവരേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. പ്രധാനമായും വിരാട് കോലിയുടെ ഫോം ഔട്ടാണ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കിയത്. സെഞ്ച്വറികള്‍ക്കൊണ്ട് വിസ്മയിപ്പിക്കുന്ന കോലിക്ക് അവസാന 21 ഇന്നിങ്‌സില്‍ നിന്നും ഒരു സെഞ്ച്വറി പോലും നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ന്യൂസീലന്‍ഡിലെ തോല്‍വിക്ക് പരിക്കിനെയും തുടര്‍ച്ചയായ മത്സരങ്ങളെയും പഴിച്ച് രക്ഷപെട്ട ഇന്ത്യന്‍ ടീമിന് ഓസീസ് പരമ്പര അഗ്നിപരീക്ഷ തന്നെയാവും.
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കൊപ്പം ലാബുഷാനെയെന്ന പുത്തന്‍ താരോദയം കൂടി ചേരുമ്പോള്‍ കംഗാരുക്കളെ വീഴ്ത്തുക പ്രയാസമാകും. മികച്ച പ്രകടനമാണ് ലാബുഷാനെ കാഴ്ചവെക്കുന്നത്. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ ശ്രീലങ്കന്‍ പര്യടനം നടത്തുന്നുണ്ട്. ജൂണില്‍ നടക്കേണ്ട പരമ്പരയ്ക്ക് ഇന്ത്യ തയ്യാറാണെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിനോട് അനുകൂല നിലപാടാണ് ശ്രീലങ്കയും സ്വീകരിച്ചത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും മത്സരങ്ങള്‍ നടത്താന്‍ കാത്തിരിക്കുകയാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ആഷ്‌ളി ഡി സില്‍വ വ്യക്തമാക്കി. ജൂണില്‍ ബംഗ്ലാദേശ് ശ്രീലങ്കയില്‍ പര്യടനം നടത്തുന്നുണ്ട്.
സ്ലെഡ്ജിങ്ങിന് പേരുകേട്ട ഓസീസ് ക്രിക്കറ്റ് ടീം താരങ്ങള്‍ ഇപ്പോള്‍ തന്നെ വെല്ലുവിളിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഓസീസ് പേസര്‍ മിച്ചല്‍ സ്്റ്റാര്‍ക്ക് കോലിയെ നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പിങ്ക് ബോളില്‍ ഇന്ത്യയെ നേരിടുകയെന്നത് മഹത്തായ ഒന്നായാണ് തോന്നുന്നത്. ഇന്ത്യ നാട്ടില്‍ പിങ്കുബോള്‍ ടെസ്റ്റ് കളിച്ചതിനാല്‍ത്തന്നെ അപരിചിത്വം അവര്‍ക്കില്ല. നിലവില്‍ ഓസ്‌ട്രേലിയക്ക് തട്ടകത്തില്‍ മികച്ച റെക്കോഡുകളാണ് പിങ്കുബോളിലുള്ളതെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു. ഇന്ത്യ മികച്ച എതിരാളികളായതിനാല്‍ത്തന്നെ നേരിടുക സന്തോഷമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.