ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഫുട്ബോളിന് ചരിത്ര നേട്ടം സമ്മാനിച്ച് ബാലാ ദേവി സ്കോട്ടിഷ് ക്ലബ്ബില്‍. റേഞ്ചേഴ്സ് എഫ്സിയാണ് ഇന്ത്യന്‍ താരത്തെ ടീമിലെത്തിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ താരം വിദേശ ക്ലബ്ബുമായി കരാറിലെത്തുന്നത്. 29കാരിയായ ബാലയാണ് നിലവിലെ ഇന്ത്യന്‍ വനിതാ താരങ്ങളിലെ ടോപ് ഗോള്‍ സ്കോറര്‍. 2010ന് ശേഷം 58 മത്സരത്തില്‍ നിന്ന് 52 ഗോളാണ് ബാല വലയിലാക്കിയത്.
ദക്ഷിണ-ഏഷ്യയിലെ നിലവിലെ താരങ്ങളില്‍ കൂടുതല്‍ ഗോളെന്ന നേട്ടവും ബാലയുടെ പേരിലാണ്. ഇന്ത്യന്‍ വുമണ്‍സ് ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ അവസാന സീസണിലെ ടോപ് സ്കോററും ബാലയാണ്. ഏഴ് മത്സരത്തില്‍ നിന്ന് 25 ഗോളാണ് ബാല അടിച്ചെടുത്തത്. അവസാന സീസണിലെ വനിതാ നാഷണല്‍സിലും ബാലയായിരുന്നു ടോപ് സ്കോറര്‍. 21 ഗോളായിരുന്നു ബാല നേടിയത്. ഇന്ത്യന്‍ വനിതാ ടീമിന്റെ ക്യാപ്റ്റനായിരുന്നു ബാല. ആഭ്യന്തര ഫുട്ബോളില്‍ 120 മത്സരങ്ങളില്‍ നിന്ന് 100 ഗോളാണ് ബാലയുടെ സമ്പാദ്യം.
ഓസ്ട്രേലിയന്‍ ഓപ്പണ്‍; നദാലിനെ അട്ടിമറിച്ച് തീം, സ്വെരേവും സെമിയില്‍
ഓള്‍ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം രണ്ട് തവണ ബാലയ്ക്ക് (2015,2016)ലഭിച്ചിട്ടുണ്ട്. വലിയൊരു ക്ലബ്ബിന്റെ കൂടെ യൂറോപ്പില്‍ ഫുട്ബോള്‍ കളിക്കാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ലെന്ന് ബാല കരാറൊപ്പിട്ട ശേഷം പ്രതികരിച്ചു. പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും കുടുംബത്തിനും നല്കിയ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും ബാല കൂട്ടിച്ചേര്‍ത്തു.