മുംബൈ: ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ അറിയാത്ത ആരാധകരുണ്ടാവില്ല. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന് ഇന്ത്യയുടെ ഏകദിന, ടി20, ടെസ്റ്റ് ടീമിനുവേണ്ടി വരെ കളിച്ച അക്ഷര്‍ ഐപിഎല്ലിലും സജീവമായ താരമാണ്. എല്ലാവരും അക്ഷര്‍ പട്ടേല്‍ എന്ന് വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേരിന്റെ സ്‌പെല്ലിങ് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. ഔദ്യോഗിക രേഖകളിലെല്ലാം axar patel എന്നാണ് താരത്തിന്റെ പേരിന്റെ സ്‌പെല്ലിങ്. എന്നാല്‍ എല്ലാവരും വിളിക്കുന്നത് അക്ഷര്‍ പട്ടേലെന്നും.
ഇപ്പോഴിതാ akshar patel എന്നായിരുന്ന തന്റെ പേരിന്റെ സ്‌പെല്ലിങ് axar patel എന്ന് എങ്ങനെ മാറിയെന്നതിനെക്കുറിച്ചുള്ള കഥ ഇപ്പോള്‍ അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ സ്‌കൂള്‍ പ്രിന്‍സിപ്പളിന് പറ്റിയ പിഴവാണ് ഇത്തരമൊരു അബദ്ധം തന്റെ പേരിന്റെ സ്‌പെല്ലിങ്ങില്‍ സംഭവിക്കാന്‍ കാരണമെന്നാണ് അക്ഷര്‍ പട്ടേല്‍ വ്യക്തമാക്കിയത്.

'2012ലെ അണ്ടര്‍ 19 ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനായി എനിക്ക് പാസ്‌പോര്‍ട്ട് വേണമായിരുന്നു.ആ സമയത്ത് ഞാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ (എന്‍സിഎ) ആയിരുന്നു. അതിനാല്‍ത്തന്നെ ഞാന്‍ അച്ഛനെ വിളിച്ച് അത്യാവശ്യമായി പാസ്‌പോര്‍ട്ട് എടുക്കണമെന്ന് പറഞ്ഞു. ലൈസന്‍സിനും മറ്റും സ്‌കൂളിലെ ലീവിങ് സര്‍ട്ടിഫിക്കറ്റ് ആവിശ്യമായിരുന്നു.
ആ സര്‍ട്ടിഫിക്കറ്റില്‍ എന്റെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എഴുതിയത് akshar patel എന്നതിന് പകരം axar patel എന്നാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചപ്പോള്‍ akshar patel എന്നാണ് പേര് നല്‍കിയത്. എന്നാല്‍ പഞ്ചാബിലെത്തിയപ്പോള്‍ അത് വീണ്ടും axar patela ആയി. ഇതോടെ axar patel മതിയെന്ന് ഞാന്‍ സ്വയം തീരുമാനിച്ചു'-അക്ഷര്‍ പട്ടേല്‍ പറഞ്ഞു.
നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് അക്ഷര്‍. 2021 സീസണിന് മുമ്പ് കോവിഡ് പോസിറ്റീവായതോടെ ക്വാറന്റെയ്‌നിലിരുന്നാണ് അദ്ദേഹം ടൂര്‍ണമെന്റിനെത്തിയത്. പാതിവഴിയിലാണ് എത്തിയതെങ്കിലും കളിച്ച മത്സരങ്ങളില്‍ തിളങ്ങാന്‍ അക്ഷറിന് സാധിച്ചിരുന്നു. ഐപിഎല്‍ 2021 കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. സെപ്തംബറില്‍ മത്സരം പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ബിസിസിഐ ആലോചിക്കുന്നത്.
അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്ഷറിന് അരങ്ങേറ്റ അവസരം ലഭിച്ചിരുന്നു. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 27 വിക്കറ്റാണ് മത്സരത്തില്‍ അദ്ദേഹം നേടിയത്. 38 ഏകദിനത്തില്‍ നിന്ന് 45 വിക്കറ്റും 12 ടി20യില്‍ നിന്ന് 9 വിക്കറ്റും 101 ഐപിഎല്ലില്‍ നിന്ന് 86 വിക്കറ്റും അക്ഷറിന്റെ പേരിലുണ്ട്.