സിഡ്‌നി: ക്രിക്കറ്റില്‍ നിന്ന് വീണ്ടുമൊരു സ്വവര്‍ഗ വിവാഹം. ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ലൗറാ ഹാരിസും (29) ഡെല്ലിസാ കിമ്മിന്‍സുമാണ് (31) ഞായറാഴ്ച വിവാഹിതരയാത്. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും ഒരുമിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം മുതല്‍ താമസിച്ചിരുന്നത്. കഴിഞ്ഞ സീസണിലെ ബിഗ്ബാഷ് ലീഗില്‍ ബ്രിസ്ബണ്‍ ഹീറ്റിനുവേണ്ടി ഇരുവരും കളിച്ചിരുന്നു.
ഫൈനല്‍ മത്സരത്തിലാണ് ഇരുവരും തങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഏപ്രിലില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് വിവാഹം നീണ്ടുപോവുകയായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ ദിനത്തെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാക്കിയതിന് എല്ലാവരോടും നന്ദിയുണ്ടെന്ന് ഡെല്ലിസ് കിമ്മിന്‍സ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തോടൊപ്പം കുറിച്ചു.

ഡെല്ലിസ ഓസ്‌ട്രേലിയക്കുവേണ്ടി 16 ഏകദിനത്തില്‍ നിന്ന് 79 റണ്‍സും 14 വിക്കറ്റും 41 ടി20യില്‍ നിന്ന് 162 റണ്‍സും 39 വിക്കറ്റുമാണ് വീഴ്ത്തിയത്. മീഡിയം പേസറാണ് ഡെല്ലിസ. അതേ സമയം ലൗറാ ഹാരിസ് ഇതുവരെ ഓസീസ് ജഴ്‌സിയില്‍ കളിച്ചിട്ടില്ല. ഇരുവര്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധിയാളുകളാണ് ആശംസ അറിയിച്ചത്. ദേശീയ ടീമിനേക്കാളേറെ ബ്രിസ്ബണ്‍ ഹീറ്റ്‌സില്‍ നിന്നുള്ള ആരാധകരാണ് ഇരുവര്‍ക്കുമുള്ളത്. ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയ ടി20 ലോകകപ്പ് ഫൈനലില്‍ ഓസീസ് നിരയില്‍ ഡെല്ലിസയുമുണ്ടായിരുന്നു.
ക്രിക്കറ്റില്‍ നിന്ന് നേരത്തെയും സ്വവര്‍ഗ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്.2017ല്‍ ന്യൂസീലന്‍ഡിന്റെ ലീ തഹുഹുവും ആമി ആമി സാറ്റര്‍വെയ്റ്റും വിവാഹിതരായിരുന്നു. ജനുവരിയില്‍ ഇരുവരും ഒരു കുട്ടിയേയും ദന്തെത്തെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഡാനി വാന്‍ നിക്കെര്‍ക്കും മരിസാനി കാപ്പും 2018 ജൂലൈയിലാണ് വിവാഹിതരായത്. വളരെ പ്രശ്‌സതരായ താരങ്ങളായ ഇരുവരും 100 ഏകദിനത്തിലും 75 ടി20യിലും മുകളില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ്.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ അലെക്‌സ് ബ്ലാക്ക്‌വെല്ലും ലിന്‍സി ആസ്‌ക്യവും മെഗന്‍ സ്‌കട്ടും ജെസ് ഹോളിയോകും ജെസ്സ് ജൊനാസെനും സാറാ വേണും പരസ്പരം വിവാഹിതരായ വനിതാ ക്രിക്കറ്റ് താരങ്ങളാണ്. സ്വവര്‍ഗ അനുരാഗം ഇന്ത്യയില്‍ ആദ്യം കുറ്റകരമായ ഒന്നായാണ് കണക്കാക്കിയിരുന്നെങ്കിലും സുപ്രീം കോടതി സ്വവര്‍ഗ അനുരാഗം തെറ്റല്ലെന്ന് വിധിച്ചിരുന്നു. ഇതിന് പിന്നാലെ കേരളത്തില്‍ ഉള്‍പ്പെടെ നിരവധി സ്വവര്‍ഗ വിവാഹങ്ങളും നടന്നെങ്കിലും പ്രമുഖരായ താരങ്ങള്‍ ഇത്തരത്തില്‍ സ്വവര്‍ഗ വിവാഹം നടത്തിയിട്ടില്ല.