കൊവിഡ് പിടിപെട്ടത് പുസ്തക പ്രകാശനച്ചടങ്ങ് കാരണമോ? വിവാദങ്ങളോടു പ്രതികരിച്ച് ശാസ്ത്രി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് കൊവിഡ് ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയതിലേക്കു നയിച്ചത് തന്റെ പുസ്തക പ്രകാശനച്ചടങ്ങാണെന്ന ആരോപണങ്ങളോടു പ്രതികരിച്ച് കോച്ച് രവി ശാസ്ത്രി. മാഞ്ചസ്റ്ററിലെ ഓള്‍ട് ട്രാഫോര്‍ഡിലെ അവസാന ടെസ്റ്റ് റദ്ദാക്കപ്പെട്ടതു മുതല്‍ ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയും പ്രതിക്കൂട്ടിലാണ്. ഓവലിലെ നാലാം ടെസ്റ്റിനു മുമ്പ് ശാസ്ത്രിയുടെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ഹോട്ടലില്‍ വച്ച് നടത്തിയിരുന്നു. ഈ മാസം ഒന്നിനായിരുന്നു ചടങ്ങ്. കോലിയെക്കൂടാതെ ഇന്ത്യന്‍ താരങ്ങളും പുറത്തു നിന്നുള്ള അതിഥികളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

ഇത് കഴിഞ്ഞതിനു ശേഷമാണ് ശാസ്ത്രിയില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിശോധനയില്‍ അദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ ഫലവും പോസിറ്റിവായിരുന്നു. അഞ്ചാം ടെസ്റ്റിനു രണ്ടു ദിവസം മുമ്പ് ടീം ഫിസിയോ യോഗേഷ് പാര്‍മര്‍ക്കും കൊവിഡ് പിടിപെട്ടിരുന്നു. ഇതാണ് ടെസ്റ്റ് റദ്ദാക്കലിലേക്കു നയിച്ചത്.

മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കപ്പെട്ട ശേഷം ശാസ്ത്രി, കോലി എന്നിവര്‍ക്കെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പ്രത്യേകിച്ചും ബ്രിട്ടീഷ് മാധ്യമങ്ങള്‍ ശാസ്ത്രിയുടെ പുസ്തക പ്രകാശനച്ചടങ്ങാണ് സംഭവങ്ങള്‍ക്കു തുടക്കമിട്ടതെന്നും ആരോപിച്ചിരുന്നു. ബിസിസിഐയും ശാസ്ത്രി, കോലി എന്നിവരുടെ പ്രവര്‍ത്തിയില്‍ അസംതൃപ്തരാണെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവയ്ക്കാണ് ശാസ്ത്രി മറുപടി നല്‍കിയിരിക്കുന്നത്. യുകെയില്‍ ഇപ്പോള്‍ മുഴുവന്‍ തുറന്നിരിക്കുകയാണ്. ഇവിടെ എല്ലാം സാധാരണ അവസ്ഥയിലാണ്. ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ടെസ്റ്റ് മുതല്‍ എന്തും സംഭവിക്കാമായിരുന്നുവെന്നും ശാസ്ത്രി വ്യക്തമാക്കി. വിവാദങ്ങളെക്കുറിച്ച് കൂടുതലൊന്നും അദ്ദേഹം പ്രതികരിക്കുകയും ചെയ്തില്ല.

കൊവിഡുള്‍പ്പെടെയുള്ള പരീക്ഷണഘട്ടത്തിലും വളരെ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീമിനെ ശാസ്ത്രി പ്രശംസിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മാത്രമല്ല ഓസ്‌ട്രേലിയക്കതെിരായ പരമ്പരയിലെ പ്രകടനവും ഗംഭീരമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വളരെ നല്ലൊരു വേനല്‍ക്കാലമായിരുന്നു ഇംഗ്ലണ്ടിലേത്. ഇത് കൊവിഡ് സമയമാണ്, അതിശയിപ്പിക്കുന്ന വേനല്‍ക്കാലവുമാണ്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കുട്ടികള്‍ പുറത്തെടുത്തത്. ഈ ഇന്ത്യന്‍ ടീം കളിച്ചതു പോലെ കൊവിഡ് സമയത്ത് ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും മറ്റൊരു ടീമും പെര്‍ഫോം ചെയ്തിട്ടില്ല. ഇവിടെയുള്ള വിദഗ്ധരോടു ചോദിക്കൂ. നിങ്ങള്‍ക്കറിയാവുന്നതു പോലെ ഞാന്‍ കുറച്ചു കാലമായി ടീമിനൊപ്പമുണ്ട്, എന്നാല്‍ സ്വന്തം ജോലിയില്‍ ഇത്രയും സംതൃപ്തി മുമ്പുണ്ടായിട്ടില്ലെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

റദ്ദാക്കപ്പെട്ട അഞ്ചാം ടെസ്റ്റ് അടുത്ത വര്‍ഷം നടത്തുന്നതിനെക്കുറിച്ച് ബിസിസിഐയും ഇസിബിയും ആലോചിക്കുന്നുണ്ട്. അതിനിടെ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇസിബി ഐസിസിക്കു കത്തയക്കുകയും ചെയ്തിട്ടുണ്ട്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കവെയാണ് അവസാന ടെസ്റ്റ് ഉപേക്ഷിക്കപ്പെട്ടത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, September 12, 2021, 16:17 [IST]
Other articles published on Sep 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X