ബാബര്‍ അസാം കോലിയെപ്പോലെയാകണമെങ്കില്‍ എന്തു ചെയ്യണം? ഉത്തരം അഫ്രീദി പറയും
കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ് പരിമിത ഓവര്‍ ക്രിക്കറ്റ് ടീം നായകനായ ബാബര്‍ അസാം. ചുരുങ്ങിയ കാലംകൊണ്ട് ലോകോത്തര ബാറ്റ്‌സ്മാന്‍മാരുടെ പേരിനൊപ്പം ചേര്‍ത്ത് വായിക്കാന്‍ കഴിയുന്ന രീതിയിലേക്ക് വളര്‍ന്ന ബാബര്‍ കോലിയേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ താരതമ്യേന യുവതാരമായ ബാബറിന് ക്രിക്കറ്റില്‍ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. ഇപ്പോഴിതാ കോലിയേപ്പോലെ ലോകോത്തര താരമാകാന്‍ ബാബര്‍ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനും വെടിക്കെട്ട് ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി.
'ബാബര്‍ പ്രതിഭാശാലിയായ താരമാണ്. ടീമിന്റെ നട്ടെല്ലാണ്. എന്നാല്‍ കൂടുതല്‍ റണ്‍സ് നേടേണ്ടിയിരിക്കുന്നു. ബാബര്‍ കോലി,റൂട്ട്,സ്മിത്ത്,എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവരെപ്പോലെയൊക്കെ ആകണമെങ്കില്‍ അര്‍ധ സെഞ്ച്വറികളെ സെഞ്ച്വറികളായി മാറ്റേണ്ടതുണ്ട്'-അഫ്രീദി ബിബിസി സ്‌പോര്‍ട്ടിനോട് പറഞ്ഞു. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുകയാണ് ബാബര്‍. ഒന്നാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ 106 പന്തില്‍ 69 റണ്‍സ് നേടിയ ബാബര്‍ രണ്ടാം ഇന്നിങ്‌സില്‍ വെറും അഞ്ച് റണ്‍സിന് പുറത്തായിരുന്നു.

25കാരനായ ബാബര്‍ 28 ടെസ്റ്റില്‍ നിന്ന് 44.91 ശരാശരിയില്‍ 1931 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 38ടി20യില്‍ നിന്ന് 50.72 ശരാശരിയില്‍ 1474 റണ്‍സുമാണ് ഇതുവരെ നേടിയത്. ടെസ്റ്റില്‍ അഞ്ച് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ബാബര്‍ നേടിയിട്ടുണ്ടെങ്കിലും ഒരു തവണപോലും ഇരട്ട സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല. ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ബാബറിന്റെ പ്രകടനം എങ്ങനെയാണെന്ന് ഇനിയും കാണേണ്ടിയിരിക്കുന്നു.
അതേ സമയം കോലി ടെസ്റ്റില്‍ 53.63 ശരാശരിയില്‍ 7240 റണ്‍സും ഏകദിനത്തില്‍ 59.34 ശരാശരിയില്‍ 11867 റണ്‍സും ടി20യില്‍ 50.8 ശരാശരിയില്‍ 2794 റണ്‍സും ഇതുവരെ നേടിയിട്ടുണ്ട്.ടി20യില്‍ മാത്രമാണ് കോലിയേക്കാള്‍ അല്‍പ്പം ഭേദപ്പെട്ട പ്രകടനം ബാബറിന് അവകാശപ്പെടാനുള്ളത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഏകദിന സെഞ്ച്വറി,റണ്‍സ് റെക്കോഡ് മറികടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഏകതാരമാണ് കോലി. സമീപകാലത്തായി മോശം ഫോമിലുള്ള കോലിക്ക് ഡിസംബറില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പര നായകനെന്ന നിലയിലും താരമെന്ന നിലയിലും നിര്‍ണ്ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications